കൊച്ചി: വയനാട് ദുരന്തത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് ഹൈക്കോടതി. ദുരിതാശ്വാസ പുനരധിവാസ ഫണ്ടില്‍ വ്യക്തതയില്ലെന്ന് കോടതി വിമര്‍ശിച്ചു. കണക്കുകള്‍ കൃത്യമായി ബോധിപ്പിക്കാനും കോടതി നിര്‍ദേശിച്ചു.
വയനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 2219 കോടി രൂപയുടെ പാക്കേജാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ എന്തു സഹായം നല്‍കുമെന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോട് പലതവണ ചോദിച്ചിരുന്നു.
കേരളത്തിന്റെ ദുരന്തനിവാരണ നിധിയില്‍ പണമുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നെങ്കിലും ഇതില്‍ വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. ഈ ഘട്ടത്തിലാണ് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളെ ജസ്റ്റീസ് ജയശങ്കര്‍ നമ്പ്യാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വിമര്‍ശിച്ചത്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഫിനാന്‍സ് ഓഫീസര്‍ ശനിയാഴ്ച കോടതിയിലെത്തി കണക്കുകള്‍ ബോധിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വയനാട് ദുരന്തത്തിനു മുന്‍പ് ദുരിതാശ്വാസ നിധിയില്‍ എത്ര തുക ഉണ്ടായിരുന്നുവെന്നും അതില്‍ വിനിയോഗിക്കാന്‍ പാകത്തില്‍ എത്ര തുക ഉണ്ടായിരുന്നുവെന്നും കോടതിയെ അറിയിക്കണം.
കേന്ദ്രം അനുവദിച്ചതില്‍ എത്ര തുക വിനിയോഗിക്കാനായി. വയനാട്ടില്‍ പുനരധിവാസത്തിന് എത്ര തുക വേണമെന്നും കേന്ദ്രം എത്ര ധനസഹായം നല്‍കണം തുടങ്ങിയ കാര്യങ്ങള്‍ ശനിയാഴ്ച അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതിനുശേഷം തുടര്‍നിര്‍ദേശങ്ങള്‍ നല്‍കാമെന്നും കോടതി വ്യക്തമാക്കി.
Discussion about this post