ന്യൂഡല്‍ഹി: എച്ച്എംപിവി വ്യാപനത്തില്‍ രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം. ഇതുവരെ ആറ് പേര്‍ക്ക് എച്ച്എംപിവി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആരുടെയും ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ലോകാരോഗ്യ സംഘടനയും ഇന്ത്യയിലെ സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയിലെ വിവരങ്ങള്‍ കൃത്യമായി അറിയിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ബംഗളൂരുവില്‍ രണ്ടും ചെന്നൈയില്‍ രണ്ടും അഹമ്മദാബാദിലും കൊല്‍ക്കത്തയിലും ഒന്ന് വീതവുമാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. യെലഹങ്കയിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ ചികിത്സ തേടിയ എട്ടും മൂന്നും മാസം പ്രായമുള്ള ആണ്‍കുഞ്ഞിനും പെണ്‍കുഞ്ഞിനുമാണ് രോഗബാധ കണ്ടെത്തിയത്.
ചെന്നൈയില്‍ ഗിണ്ടി, തേനാംപേട്ട് എന്നിവിടങ്ങളില്‍ ചികിത്സ തേടിയ രണ്ട് കുട്ടികള്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. കൊല്‍ക്കത്തയില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ഈ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ നവംബറിലാണ്. അഹമ്മദാബാദിലെ ചാന്ദ് ഖേഡയില്‍ ഈ രോഗബാധ കണ്ടെത്തിയിരിക്കുന്നതും അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനാണ്.
Discussion about this post