കൊല്ലം: ബാംഗളൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പിഡിപി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅദനിയുടെ അറസ്റ്റ് ഏതു നിമിഷവും ഉണ്ടായേക്കുമെന്ന് സൂചന. മഅദനിയെ അറസ്റ്റ് ചെയ്യുന്നതിനു കേരള പോലീസിന്റെ സഹായം ആവശ്യപ്പെട്ടു കൊല്ലത്ത് എത്തിയ കര്‍ണാടക ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിലെ സിഐ സിദ്ധപ്പയുടെ നേതൃത്വത്തിലുള്ള നാലംഗസംഘം ഇന്നലെ വൈകുന്നേരം കൊല്ലം എസ്‌പി ഓഫീസിലെത്തി ജില്ലാ പോലീസ് സൂപ്രണ്ട് ഹര്‍ഷിത അട്ടല്ലൂരിയുമായി മുക്കാല്‍ മണിക്കൂറിലേറെ ചര്‍ച്ച നടത്തി. അറസ്റ്റിന് സഹായം അഭ്യര്‍ഥിച്ചുള്ള കത്ത് എസ്‌പിക്കു കൈമാറുകയും ചെയ്‌തു. കൂടിക്കാഴ്‌ചയ്‌ക്കു ശേഷം പുറത്തിറങ്ങിയ കര്‍ണാടക പോലീസ് സംഘം മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കാന്‍ വിസമ്മതിച്ചു. അറസ്റ്റ് ചെയ്യാന്‍ കര്‍ണാടക പോലീസിന് എല്ലാവിധ സഹായവും നല്‍കുമെന്ന് എസ്‌പി ഹര്‍ഷിത അട്ടല്ലൂരി ചര്‍ച്ചകള്‍ക്കുശേഷം മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. എന്നാല്‍, അറസ്റ്റിന്റെ തീയതിയും സമയവും കൃത്യമായി പറയാനാകില്ലെന്നും അവര്‍ വ്യക്തമാക്കി. അതു തീരുമാനിക്കേണ്ടതു ബാംഗളൂര്‍ പോലീസാണ്. കേരള പോലീസിലെ അഞ്ചംഗ കമാന്‍ഡോ സംഘവും കൊല്ലത്തു പോലീസ് ക്ലബില്‍ തങ്ങുന്നുണ്ട്.അറസ്റ്റിനെത്തുന്ന കര്‍ണാടക പോലീസിന് സഹായം നല്‍കുന്നതു സംബന്ധിച്ചു ഡിജിപി ജേക്കബ് പുന്നൂസ് അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ആലോചിച്ചശേഷമായിരിക്കും തീരുമാനമെടുക്കുക. ഇന്ന് അറസ്റ്റ് ഉണ്ടാകുമെന്ന രീതിയിലാണ് ജില്ലയിലെ പോലീസ് സംവിധാനം ചലിച്ചു തുടങ്ങിയിട്ടുള്ളത്. പുലര്‍ച്ചെ അറസ്റ്റ് നടക്കാനാണ് ഏറെ സാധ്യത. കരുനാഗപ്പള്ളി ഡിവൈഎസ്‌പി സി.ജി. സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം മുതല്‍ വന്‍ പോലീസ് സംഘം അന്‍വാര്‍ശേരി പരിസരത്തു നിലയുറപ്പിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി, ഓച്ചിറ, ചവറ, ചവറ തെക്കുംഭാഗം, ശാസ്‌താംകോട്ട എന്നീ പോലീസ് സ്റ്റേഷനുകളില്‍നിന്നു കൂടുതല്‍ പോലീസുകാരെയും അന്‍വാര്‍ശേരിയില്‍ നിയോഗിച്ചിട്ടുണ്ട്. ഈ പോലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ അതീവ ജാഗ്രത പാലിക്കാനും പോലീസിന് ജില്ലാ പോലീസ് സൂപ്രണ്ട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്ലം എആര്‍ ക്യാമ്പില്‍നിന്ന് അധികമായി ഇരുനൂറ് പോലീസുകാരെയും അന്‍വാര്‍ശേരിയിലേക്ക് ഇന്നലെ വൈകുന്നേരം അയച്ചു.
Discussion about this post