തിരുവനന്തപുരം: ആത്മീയതയില്‍ അടിയുറച്ച സ്വയംപര്യാപ്തമായ ഭാരതമെന്ന പി പരമേശ്വരന്റ കാഴ്ചപ്പാട് രാജ്യത്തുടനീളം ആഴത്തില്‍ പ്രതിധ്വനിക്കുന്നതായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. പരമേശ്വര്‍ജി ഭാരതത്തിന്റെ ഏറ്റവും മഹാന്മാരായ മക്കളില്‍ ഒരാളാണ്. ഭാരതീയ മൂല്യങ്ങളോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിജ്ഞാബദ്ധതയും ഇന്ത്യന്‍ ധര്‍മചിന്തയെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും ദേശീയ ഐക്യത്തിനായുള്ള അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമവും തലമുറകളെ പ്രചോദിപ്പിക്കുന്നു. അദ്ദേഹത്തിന്റെ അനുസ്മരണ പ്രഭാഷണത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ നൂറ്റാണ്ടിലെ ഹൈന്ദവ ചിന്തകരില്‍ മുന്‍നിരയില്‍ പി.പരമേശ്വരന്‍ ഉള്‍പ്പെടുന്നു. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പ്രതിജ്ഞാബദ്ധതയുള്ള ഏറ്റവും മികച്ച ബുദ്ധിജീവികളില്‍ ഒരാളെ ഈ പ്രഭാഷണത്തിലൂടെ നാം സ്മരിക്കുകയാണ്.
ആത്മീയാചാര്യന്മാരുടെ നാടായ കേരളം എന്നും സാംസ്‌കാരിക സാമൂഹിക നവോത്ഥാനത്തിന്റെ മണ്ണാണ്. നിരവധി സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെയും നവോത്ഥാന നായകരുടെയും നാടായ കേരളത്തില്‍ അവരെ ഓര്‍ക്കുന്നതു പോലെയാണ് പരമേശ്വര്‍ ജിയെ ഓര്‍മിക്കുന്നത്. അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെ നാം മുന്നോട്ടുകൊണ്ടു പോകണം. ഉപരാഷ്ട്രപതി പറഞ്ഞു.
തിരുവനന്തപുരം ഉദയപാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സമ്മേളനത്തില്‍ ഉപരാഷ്ട്രപതിയുടെ ഭാര്യ ഡോ.സുദേഷ് ധന്‍കര്‍, കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പങ്കെടുത്തു. ഭാരതീയ വിചാരകേന്ദ്രം പ്രസിഡന്റ് ഡോ.സി.വി.ജയമണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍.സഞ്ജയന്‍ സ്വാഗതം പറഞ്ഞു.
Discussion about this post