വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിന് ജാമ്യം. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം മെയ് 27 വരെ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ബെയ്‌ലില്‍ ദാസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ എട്ട് വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.
സ്ത്രീത്വത്തെ അപമാനിക്കല്‍, തടഞ്ഞു വയ്ക്കല്‍, മര്‍ദനം, മര്‍ദിച്ച് മുറിവേല്‍പ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ബെയ്ലിന്‍ ദാസിന് നേരെയുള്ളത്. ഓഫിസിലെ രണ്ട് ജൂനിയര്‍ അഭിഭാഷകര്‍ തമ്മില്‍ നടന്ന തര്‍ക്കത്തില്‍ ഇടപെട്ടപ്പോഴാണ് മര്‍ദനം സംഭവിച്ചതെന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. ജൂനിയര്‍ അഭിഭാഷകയായ ശ്യാമിലിയാണ് ബെയ്ലിന്‍ ദാസിനെ മര്‍ദിച്ചതെന്നും പ്രതിഭാഗം ആരോപിച്ചു. എന്നാല്‍ കേസില്‍ നിന്ന് രക്ഷപ്പെടാനാണ് ബെയ്ലിന്‍ ദാസ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ശ്യാമിലി പറഞ്ഞു. ഇത് ഗൗരവമായ കുറ്റകൃത്യമാണെന്ന് പറഞ്ഞ പ്രോസിക്യൂഷന്‍ ജാമ്യത്തെ ശക്തമായി എതിര്‍ത്തു. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും വാദിച്ചു. തെളിവ് നശിപ്പിക്കാനും ഇരയെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ഒളിവിലായിരുന്ന ബെയ്‌ലിന്‍ ദാസിനെ വ്യാഴാഴ്ച വൈകിട്ട് 6.45ന് തുമ്പ സ്റ്റേഷന്‍കടവില്‍ വച്ചാണ് ശംഖുംമുഖം അസി. കമീഷണറുടെ ഡാന്‍സാഫ് സംഘവും തുമ്പ പൊലീസും ചേര്‍ന്ന് പിടികൂടിയത്. ആള്‍സെയിന്‍സ് ജങ്ഷഷനില്‍നിന്ന് ആള്‍ട്ടോ കാറോടിച്ച് തുമ്പ ഭാഗത്തേക്ക് പോകുന്നതായി പൊലീസിന് രഹസ്യവിവരം കിട്ടിയിരുന്നു. കാറിനെ പിന്തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ വഞ്ചിയൂര്‍ പൊലീസിന് കൈമാറുകയായിരുന്നു.
ചൊവ്വാഴ്ച പകല്‍ പന്ത്രണ്ടരയോടെയാണ് ജൂനിയര്‍ അഭിഭാഷക പാറശാല കോട്ടവിള പുതുവല്‍പുത്തന്‍വീട്ടില്‍ ജെ വി ശ്യാമിലി (26)യെ ഓഫീസില്‍ ബെയ്‌ലിന്‍ ദാസ് മര്‍ദിച്ചത്. ശ്യാമിലിയുടെ വലതുകവിള്‍ അടികൊണ്ട് ചതഞ്ഞിരുന്നു. പ്രതിയെ പിടികൂടാന്‍ പൊലീസെത്തിയപ്പോള്‍ ഒരു വിഭാഗം അഭിഭാഷകര്‍ തടഞ്ഞെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് പ്രതി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോവുകയായിരുന്നു.
Discussion about this post