മലപ്പുറം: കൂരിയാട് ദേശീയപാത 66 ഇടിഞ്ഞ് താഴ്ന്നുണ്ടായ അപകടം പൊതമരാമത്ത് സെക്രട്ടറി അന്വേഷിക്കും. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി മുഹമ്മദ് റിയാസ് പൊതുമരാമത്ത് സെക്രട്ടറിയോട് നിര്‍ദേശിച്ചു. ഇതിനായി പൊതുമരാമത്ത് സെക്രട്ടറി അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിക്കും. അപകടവുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റി അധികൃതരില്‍ നിന്ന് വിവരങ്ങള്‍ ആരായും. റിപ്പോര്‍ട്ട് കിട്ടിയ ശേഷം ആവശ്യമായ നടപടികള്‍ എടുക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അതിനിടെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലാ കളക്ടര്‍ യോഗം വിളിച്ചു. സിവില്‍ സ്റ്റേഷനില്‍ നടന്ന യോഗത്തില്‍ എന്‍എച്ച്എഐ അപകടത്തെ കുറിച്ച് വിശദീകരണം നല്‍കി. മഴയെ തുടര്‍ന്ന് വയല്‍ ഭൂമി വികസിച്ചാണ് അപകടം സംഭവിച്ചതെന്നാണ് ദേശീയപാത അതോറിറ്റി വിശദീകരിച്ചത്. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സ്വതന്ത്ര വിദഗ്ധ സംഘത്തെ എന്‍എച്ച്എഐ നിയോഗിച്ചിട്ടുണ്ട്. ഈ സംഘം നാളെ സ്ഥലം സന്ദര്‍ശിക്കുമെന്നും നാളെ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. റിപ്പോര്‍ട്ട് പരിഗണിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
Discussion about this post