പന്തളം: ശബരിമല ആചാര സംരക്ഷണത്തിനായി പന്തളത്ത് സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തിലേക്ക് ഒഴുകിയെത്തിയത് അരലക്ഷത്തോളം ഭക്തര്‍. ഇരുപതിനായിരത്തിലധികം പേര്‍ക്ക് ഇരിക്കാന്‍ തയ്യാറാക്കിയ പന്തല്‍ നിറഞ്ഞ് എംസി റോഡില്‍ കിലോമീറ്ററുകളോളം ഭക്തര്‍ നിറഞ്ഞു. കിലോമീറ്ററുകള്‍ക്കപ്പുറത്ത് വാഹനത്തില്‍ നിന്നിറങ്ങി ഭക്തസംഗമ നഗറിലേക്ക് ശരണമന്ത്രിഘോഷത്തോടെ എത്തിച്ചേര്‍ന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ദീപപ്രോജ്ജ്വലനം നിര്‍വഹിച്ചു. പന്തളം കൊട്ടാരം നിര്‍വാഹകസമിതിയംഗം നാരായണ വര്‍മയുടെ അധ്യക്ഷതയില്‍ തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ അണ്ണാമലൈ ഭക്തസംഗമം ഉദ്ഘാടനം ചെയ്തു. 2018ല്‍ അയ്യപ്പഭക്തരെ ക്രൂരമായി മര്‍ദ്ദിച്ച സര്‍ക്കാരാണ് പമ്പയില്‍ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. ശബരിമല സ്ത്രീ പ്രവേശനത്തെ നാമജപ സമരത്തിലൂടെ പ്രതിരോധിച്ച അയ്യപ്പഭക്തര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാതെയണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഈ സംഗമം സംഘടിപ്പിച്ചത്.
തേജസ്വി സൂര്യ എംപി മുഖ്യപ്രഭാഷണം നടത്തി. നവരാത്രി ഉത്സവത്തിന്റെ തുടക്കത്തില്‍ ധര്‍മസംരക്ഷണത്തിനാണ് പന്തളത്ത് തുടക്കം കുറിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റുകള്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല. ചെകുത്താന്‍ വേദം ഓതുന്നപോലെയാണ് ഇവര്‍ ധര്‍മ്മത്തെ കുറിച്ചു പറയുന്നത്. ആഗോള അയ്യപ്പസംഗമം കമ്മ്യൂണിസ്റ്റു സര്‍ക്കാരിന്റെ ഒരു നാടകമായിരുന്നു. ഇത് തിരിച്ചറിഞ്ഞതോടെ ഭക്തര്‍ തള്ളിക്കളഞ്ഞു. ഇപ്പോഴാണ് യഥാര്‍ത്ഥ അയ്യപ്പഭക്തര്‍ സംഗമിച്ചിരിക്കുന്നത്.
കേരളം, തമിഴ്‌നാട്, കര്‍ണാടക മുഖ്യമന്ത്രിമാരായ പിണറായി വിജയനും സ്റ്റാലിനും സിദ്ധരാമയ്യയും ഹിന്ദുവിരുദ്ധതയുടെ ത്രിമൂര്‍ത്തികളാണ്. കര്‍ണാടകയിലെ ധര്‍മ്മസ്ഥല തകര്‍ക്കാന്‍ ശ്രമിച്ചതുപോലെയുള്ള ഗൂഢാലോചനയാണ് ശബരിമലയിലും ഇവര്‍ നടപ്പാക്കുന്നത്. ക്ഷേത്രങ്ങളെ തകര്‍ക്കാനാണ് മൂവര്‍ സംഘം ശ്രമിക്കുന്നത്. ക്ഷേത്രങ്ങളും ആചാരങ്ങളും ആഘോഷങ്ങളും സംരക്ഷിക്കപ്പെണം. ഇതിനായി ഭക്തര്‍ സംഗമിക്കണം. ശബരിമയില്‍ ഭക്തര്‍ക്ക് ഒരു അടിസ്ഥാന സൗകര്യവുമില്ല. 1000 കോടി രൂപയില്‍ ശബരിമലയില്‍ 50 വര്‍ഷത്തെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്നാണ് പിണറായി വിജയന്‍ പറയുന്നത്. ശബരിമലയില്‍ പ്രതിവര്‍ഷം നാനൂറ് കോടിയിലധികം രൂപ വരുമാനം ലഭിക്കുമ്പോഴാണ് 50 വര്‍ഷത്തേക്ക് 1000 കോടി രൂപ മാറ്റിവയ്ക്കുമെന്ന് പറയുന്നത്. ഈ തലമുറയ്ക്കോ, അടുത്ത തലമുറയ്ക്കോ ഇതിന്റെ പ്രയോജനം ലഭിക്കില്ലെന്നും ശബരിമലയുടെ സംരക്ഷണത്തിന് ഹിന്ദുവിരുദ്ധ സര്‍ക്കാരിനെ പിഴുതെറിഞ്ഞ് ഹിന്ദുസംരക്ഷണ സര്‍ക്കാരിനെ അധികാരത്തില്‍ എത്തിക്കണമെന്നും തേജസ്വി സൂര്യ പറഞ്ഞു.
ശബരിമല സംരക്ഷണം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അവതരിപ്പിച്ചു.












