തിരുവനന്തപുരം: പാമൊലിന്‍ കേസ് വിചാരണ നടത്തുന്ന വിജിലന്‍സ് ജഡ്ജിക്കെതിരെ പി. സി. ജോര്‍ജ് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും പരാതി നല്‍കി. സ്‌പെഷല്‍ ജഡ്ജി പി.കെ. ഹനീഫയ്‌ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. നിയമം അനുസരിച്ചല്ല കേസിന്റെ വിചാരണ നടക്കുന്നതെന്നും മുഖ്യമന്ത്രിയെ പ്രതിയാക്കുന്നതുവരെ അന്വേഷണ റിപ്പോര്‍ട്ട് സ്വീകരിക്കില്ലെന്നതാണ് ജഡ്ജിയുടെ നയമെന്നും പി.സി. ജോര്‍ജ് കത്തിലൂടെ ആരോപിക്കുന്നു. പദവിയില്‍ തുടരാന്‍ ജഡ്ജിക്ക് അധികാരമില്ലെന്നും ജഡ്ജിക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയിലൂടെ പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, കേന്ദ്ര നിയമമന്ത്രി, തിരുവനന്തപുരം ജില്ലാ ജഡ്ജി എന്നിവര്‍ക്കും പരാതിയുടെ പകര്‍പ്പ് അയച്ചിട്ടുണ്ട്.
വിധികര്‍ത്താവ് തന്നെ അന്വേഷകനാവുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത് അവസാനിപ്പിക്കുന്നത്. പാമൊലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ വിധി റദ്ദാക്കണമെന്നും ചീഫ് വിപ്പ് എന്ന നിലയിലല്ല ഒരു സാധാരണ പൗരന്‍ എന്ന നിലയിലാണ് പരാതി അയ്ക്കുന്നതെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. പാമൊലിന്‍ കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചത് നടപടി ക്രമങ്ങള്‍ തെറ്റിച്ചാണെന്ന് കത്തില്‍ പറയുന്നു.
അതേസമയം പാമൊലിന്‍ കേസ് വിചാരണ ചെയ്ത വിജിലന്‍സ് ജഡ്ജിക്കെതിരെ പി.സി ജോര്‍ജ് പരാതി നല്‍കിയതായി അറിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജഡ്ജിക്കെതിരെ തനിക്ക് പരാതിയില്ല. നിയമവ്യവസ്ഥയെയും ജഡ്ജിമാരെയും ബഹുമാനിക്കുന്നുവെന്നും ഉമ്മന്‍ ചാണ്ടി കോട്ടയത്ത് പറഞ്ഞു.
എന്നാല്‍ പാമൊലിന്‍ കേസില്‍ ജുഡീഷ്യറിയെ ഭയപ്പെടുത്തി വരുതിയില്‍ വരുത്താന്‍ നീക്കം നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പാമൊലിന്‍ കേസിലെ ജഡ്ജിക്കെതിരെ ചീഫ് വിപ്പ് പി.സി. ജോര്‍ജ് നല്‍കിയ പരാതിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു പിണറായി തിരുവനന്തപുരത്തു പറഞ്ഞു.
Discussion about this post