ന്യൂഡല്‍ഹി: ഭോപ്പാല്‍ ദുരന്തം മനുഷ്യസൃഷ്‌ടമായിരുന്നെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം. ദുരന്തം നടന്ന ശേഷം അത് കൈകാര്യം ചെയ്‌ത അന്നത്തെ സര്‍ക്കാരുകളുടെ രീതി തൃപ്‌തികരമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുരന്തം സൃഷ്‌ടിക്കപ്പെട്ടതായിരുന്നു. അതിന്റെ പരിണതഫലങ്ങള്‍ ജനങ്ങള്‍ ഇന്നും അനുഭവിക്കുകയാണ്. നിരവധി പേരുടെ ജീവനാണ് ഭോപ്പാല്‍ ദുരന്തത്തില്‍ നഷ്‌ടപ്പെട്ടത്. സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ അംഗവൈകല്യമുള്ളവരായി തീര്‍ന്നു. ഇപ്പോഴത്തെ തലമുറയും അതിന്റെ പരിണതഫലങ്ങള്‍ അനുഭവിക്കുന്നുണ്‌ട്. ഇത്തരമൊരു ദുരന്തം സംഭവിക്കാമെന്നതിന് മതിയായ സൂചനകള്‍ അധികൃതര്‍ക്ക് ലഭിച്ചിരുന്നു. ദുരന്തം സംഭവിച്ചപ്പോള്‍ അത് നേരിടാന്‍ ആരും തന്നെ തയ്യാറെടുത്തിരുന്നില്ല.
ദുരിത ബാധിതര്‍ക്ക് ആവശ്യത്തിന് വേണ്‌ട ചികിത്സാ സൗകര്യം അന്നത്തെ സര്‍ക്കാര്‍ ചെയ്‌തിരുന്നില്ല. ദുരന്തം അനുഭവിച്ചവര്‍ക്ക് മതിയായ ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുകയാണ് ഈ സര്‍ക്കാരിന് വാഗ്‌ദാനം ചെയ്യാന്‍ കഴിയുന്ന കാര്യമെന്ന് ചിദംബരം പറഞ്ഞു.
Discussion about this post