ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി വളപ്പില്‍ സ്‌ഫോടനം നടന്നിട്ടു ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ എന്‍ഐഎ വിദേശ രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായം തേടാനൊരുങ്ങുകയാണ്. സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ വിദേശബന്ധം അന്വേഷിക്കുന്നതിനാണ് ഈ നീക്കം. ഇതു സംബന്ധിച്ചു തെക്കുകിഴക്കന്‍ ഏഷ്യയിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു വിവരങ്ങള്‍ ലഭിക്കാനിടയുണ്ടെന്നാണ് എന്‍ഐഎയുടെ പ്രതീക്ഷ. സ്‌ഫോടനത്തിനുശേഷം ലഭിച്ച ഇ-മെയിലിന്റെ ഉറവിടങ്ങള്‍ കണ്ടെത്തുന്നതിനും വിദേശ രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായം ഉപയോഗപ്പെടുത്താമെന്ന് എന്‍ഐഎ പ്രതീക്ഷിക്കുന്നു. ഇതിനിടെ, സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചു വിവരം നല്കുന്നവര്‍ക്കുള്ള പ്രതിഫലം അഞ്ചു ലക്ഷത്തില്‍നിന്നു പത്തു ലക്ഷമാക്കി.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തു തുടര്‍ച്ചയായി ഇ-മെയില്‍ സന്ദേശങ്ങള്‍ ലഭിക്കുന്നത് അന്വേഷണത്തെ വഴിതെറ്റിക്കാനാകുമെന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഇ-മെയില്‍ സന്ദേശങ്ങള്‍ വ്യാജമാകാനാണു സാധ്യതയെന്നും സ്‌ഫോടനത്തെക്കുറിച്ചു കേട്ടറിഞ്ഞ ആരെങ്കിലുമാവാം ഇ-മെയിലുകള്‍ അയച്ചതെന്നും ആഭ്യന്തര സെക്രട്ടറി ആര്‍.കെ. സിംഗ് പറഞ്ഞു. എന്നാല്‍, സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇ-മെയിലുകള്‍ അയയ്ക്കാനുളള സാധ്യത പൂര്‍ണമായും തള്ളിക്കളഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post