ന്യൂഡല്‍ഹി: സംവരണ മണ്‌ഡലമായ മാവേലിക്കരയില്‍ നിന്ന് വിജയിച്ച കൊടിക്കുന്നില്‍ സുരേഷിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ഒരുമാസത്തേയ്‌ക്ക് സ്റ്റേ ചെയ്‌തു. സ്റ്റേ കാലയളവില്‍ എംപി എന്ന നിലയിലുള്ള ആനുകൂല്യങ്ങളും ശമ്പളവും കൈപ്പറ്റാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു. സംവരണ മണ്‌ഡലത്തില്‍ നിന്നും മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് ചൂണ്‌ടികാട്ടിയാണ് ഹൈക്കോടതി കൊടിക്കുന്നിലിന്റെ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്‌തിരുന്നത്. ഇത് ചോദ്യം ചെയ്‌ത് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്റ്റേ അനുവദിച്ചത്.
നാലു തവണ തെരഞ്ഞെടുപ്പില്‍ വിജയിച്ച വ്യക്തിയാണ് കൊടിക്കുന്നിലെന്നും ഇതിനര്‍ഥം സമുദായം അംഗീകരിച്ച വ്യക്തിയാണ് അദ്ദേഹമെന്നും കോടിക്കുന്നിലിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ വാദിച്ചു. കൊട്ടാരക്കരയില്‍ പുലയര്‍ എന്നതിന് സമാനമാണ് നെടുവിന്‍കാവില്‍ ചേരമര്‍ സമുദായമെന്ന വില്ലേജ് ഓഫീസറുടെ മൊഴിയും ഹാജരാക്കി. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച ശേഷമാണ് സുപ്രീം കോടതി സ്റ്റേ അനുവദിച്ചത്. സെപ്‌റ്റംബര്‍ 16-ന് ഹര്‍ജി തീര്‍പ്പാക്കും.
Discussion about this post