തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്‌ക്കുള്ള തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചുചേര്‍ത്ത രാഷ്‌ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ ധാരണ. ഇതോടെ തെരഞ്ഞെടുപ്പ് ഒരുമാസമെങ്കിലും വൈകിയേക്കുമെന്ന് വ്യക്തമായി. തെരഞ്ഞെടുപ്പ് നടപടികള്‍ വൈകിയത് സര്‍ക്കാരിന്റെ അലംഭാവം മൂലമാണെന്ന് കമ്മീഷന്‍ വിമര്‍ശിച്ചു.
രണ്‌ടുഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുന്നതിന് ഭരണപരമായ അസൗകര്യമുണ്‌ടെന്നും അധികചെലവ് ഉണ്‌ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗത്തില്‍ അറിയിച്ചു. ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തിയാല്‍ മതിയെന്ന് ഭരണ പ്രതിപക്ഷ കക്ഷികള്‍ ധാരണയിലെത്തി. രണ്‌ട് ഘട്ടമായാലും എതിര്‍ക്കേണ്‌ടെന്ന നിലപാടിലാണ് സിപിഎം യോഗത്തിനെത്തിയതെങ്കിലും പ്രതിപക്ഷകക്ഷികള്‍ ഇത് സാധ്യമല്ലെന്ന തീരുമാനത്തിലായിരുന്നു.
സര്‍ക്കാരിന്റെ നിലപാടാണ് തെരഞ്ഞെടുപ്പ്‌വൈകാന്‍ കാരണമായതെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷന് വീഴ്‌ച പറ്റിയിട്ടില്ലെന്നും വിശദീകരിച്ചു. വാര്‍ഡ് പുനര്‍വിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ 2007 നവംബറില്‍ തന്നെ സര്‍ക്കാരിനെ അറിയിച്ചിരുന്നതാണ്. എന്നാല്‍ രണ്‌ടു വര്‍ഷത്തിനുശേഷമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്‌ടായത്. സര്‍ക്കാരുമായി കത്തിടപാട് നടത്താനേ കഴിയൂ എന്നും സര്‍ക്കാരിനെ കൈപിടിച്ച് ചെയ്യിക്കാനാവില്ലെന്നുമുള്ള പരാമര്‍ശം കമ്മീഷന്റെ ഭാഗത്തുനിന്നുണ്‌ടായി.
അതേസമയം തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുമ്പോള്‍ തന്നെ പെരുമാറ്റച്ചട്ടവും നിലവില്‍ വരുത്തണമെന്ന് പ്രതിപക്ഷം യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനെ സിപിഎം ഉള്‍പ്പെടെയുള്ള ഇടത് പാര്‍ട്ടികള്‍ എതിര്‍ത്തു. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനോട് ഇരുകൂട്ടരും യോജിച്ചു.
22 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് പുനസംഘടന സംബന്ധിച്ച തര്‍ക്കത്തില്‍ കോടതി ഇടപെട്ടതോടെയാണ് തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലായത്. ആറ് ജില്ലാ പഞ്ചായത്തുകളിലെയും പതിന്നാല് ബ്ലോക്ക് പഞ്ചായത്തുകളിലെയും രണ്‌ട് ഗ്രാമപഞ്ചായത്തുകളിലെയും തെരഞ്ഞെടുപ്പാണ് കോടതി കയറിയത്.
Discussion about this post