തിരുവനന്തപുരം: പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ചു നാളെ ബിജെപി ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍. ഇടതുമുന്നണിയും നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ തിങ്കളാഴ്ച മോട്ടോര്‍ പണിമുടക്കു നടത്താന്‍ മോട്ടോര്‍ തൊഴിലാളി ഏകോപന സമിതി തീരുമാനിച്ചിരുന്നു. പെട്രോള്‍ വിലവര്‍ധന പിന്‍വലിക്കാന്‍ കേന്ദ്രം തയാറായില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭത്തിലേക്കു നീങ്ങുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ അറിയിച്ചു.
പെട്രോള്‍ വിലവര്‍ധന പിന്‍വലിക്കുക, ഇന്ധനവില നിയന്ത്രിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാര്‍ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു ഹര്‍ത്താല്‍ നടത്തുന്നതെന്ന് ഇടതു മുന്നണി നേതൃയോഗത്തിനു ശേഷം കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.
ശനിയാഴ്ച ഹര്‍ത്താല്‍ നടന്ന തിരുവനന്തപുരം ജില്ലയെ തിങ്കളാഴ്ച ഒഴിവാക്കില്ല. സ്വകാര്യ വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുന്ന കാര്യത്തിന് ഇനിയും തീരുമാനമായിട്ടില്ല. പെട്രോളിന് ഓരോ തവണ വില വര്‍ധിപ്പിക്കുമ്പോഴും ഉത്തരവാദിത്തം കമ്പനികളുടെമേല്‍ കെട്ടിവയ്ക്കാനാണു കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു വിശ്വന്‍ ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പു നടക്കുമ്പോഴും പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന ഘട്ടത്തിലും കമ്പനികള്‍ വില വര്‍ധിപ്പിക്കില്ല. കേന്ദ്രസര്‍ക്കാരും കമ്പനികളും തമ്മിലുള്ള ഒത്തുകളിയാണിതെന്ന് ആര്‍ക്കും മനസ്സിലാകും.
സംസ്ഥാന സര്‍ക്കാര്‍ നികുതി വേണ്ടെന്നുവച്ചതിലൂടെ 70 പൈസ കുറയുമെന്നതു നല്ല കാര്യമാണ്. കഴുതയുടെ പുറത്തു ഭാരം വച്ചതിനൊപ്പം ഒരു തൂവലും വച്ചശേഷം ആ തൂവല്‍ എടുത്തുമാറ്റുന്നതുപോലെയേ ഇതിനെ കാണാന്‍ കഴിയൂ.
Discussion about this post