തിരുവനന്തപുരം: പാലക്കാട് കഞ്ചിക്കോടു റെയില്‍വേ കോച്ച് ഫാക്ടറിക്ക് ഒക്ടോബര്‍ 22നു തറക്കല്ലിടും. തിരുവനന്തപുരം-കന്യാകുമാരി റെയില്‍വേ ലൈനിന്റെ വൈദ്യുതീകരണം ഡിസംബര്‍ 31 നകം പൂര്‍ത്തിയാക്കും. നിലമ്പൂര്‍ റോഡ്- തിരുവനന്തപുരം രാജ്യറാണി എക്‌സ്‌പ്രസ് ഒക്ടോബര്‍ 23നും മംഗലാപുരം-പാലക്കാട് പ്രതിദിന ഇന്റര്‍സിറ്റി എക്‌സ്‌പ്രസ് ഒക്ടോബര്‍ അവസാനവും ഓടിത്തുടങ്ങും. കേരളത്തിന്റെ റെയില്‍വേ വികസന ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്തു ചേര്‍ന്ന ഉന്നതതല യോഗത്തിനുശേഷം, കേന്ദ്ര റെയില്‍വേമന്ത്രി ദിനേശ് ത്രിവേദി അറിയിച്ചതാണ് ഇക്കാര്യം.
കേരളത്തിന്റെ റെയില്‍വേ വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനുമായി ചീഫ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറെ നോഡല്‍ ഓഫീസറായി നിയമിക്കും. കേരളത്തിനു പ്രത്യേകമായി ഒരു സോണ്‍ ഇപ്പോഴത്തെ നിലയില്‍ പ്രായോഗികമല്ലാത്തതിനാലാണു സംസ്ഥാനത്തിന്റെ റെയില്‍വേ വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നോഡല്‍ ഓഫീസറെ നിയമിക്കുന്നത്. ഇപ്പോള്‍ ചെന്നൈ ഓഫീസിലെ ഉദ്യോഗസ്ഥരാണു കേരളത്തിലെ പദ്ധതികളുടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.
രാജ്യത്തെ ഏറ്റവും ദീര്‍ഘദൂരത്തിലുള്ള സര്‍വീസായി കരുതപ്പെടുന്ന ദിബ്രുഗഡ്-കന്യാകുമാരി എക്‌സ്‌പ്രസ് സര്‍വീസ് ആരംഭിക്കുന്നതിനു റെയില്‍വേ സജ്ജമാണ്. ഈ ട്രെയിന്‍ ഉടന്‍ ഓടിത്തുടങ്ങും. ആസാമില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള ഈ സര്‍വീസിനു 4500 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ളതാണ്. മെമു സര്‍വീസിനായി കൊല്ലം ഷെല്‍ട്ടറില്‍ ഒരു റേക്ക് ഒക്ടോബറില്‍ എത്തിക്കും.
പാലക്കാട് കോച്ച് ഫാക്ടറിയുടെ തറക്കല്ലിടലിനു പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും എത്തുമെന്നും ത്രിവേദി പറഞ്ഞു.
Discussion about this post