ഡോ.വെങ്ങാനൂര്‍ ബാലകൃഷ്ണന്‍
കാള
ശിവക്ഷേത്രങ്ങളില്‍ മുന്‍വശത്തായി കാളയെ കാണാം. എന്നാല്‍ ഇതു ഭഗവാന്‍ പരമശിവന്റെ വാഹനമായതുകൊണ്ടാണവിടെ പ്രതിഷ്‌ഠിച്ചിരിക്കുന്നതെന്നാണ് പലരും കരുതിയിരിക്കുന്നത്. കാര്യം ശരിതന്നെ. പക്ഷേ, ധര്‍മ്മത്തിന്റെ പ്രതീകമായാണ് കാളയെ പൂജിക്കപ്പെടുന്നത്. നമ്മുടെ പുരാണേതിഹാസങ്ങള്‍ പരിശോധിച്ചാല്‍ ധര്‍മ്മപ്രതീകമായി കാള നിലയുറപ്പിച്ചിട്ടുള്ളതു കാണാം. അതുകൊണ്ടായിരിക്കാം പരമശിവന്റെ കാളയെ വാഹനമാക്കിയതും. ധര്‍മ്മം എന്നതിന്റെ അര്‍ത്ഥം, നിലനില്‍ക്കുന്നതെന്നാണ്. അതായത് നൂറ്റാണ്ടുകളായി കൃഷി നിലനിന്നത് കാളയുടെ ധര്‍മ്മത്താലാണെന്നു സാരം. കാളയെ വളര്‍ത്തി പരിപാലിച്ച് വന്ദിക്കുന്നതിലൂടെ മനുഷ്യന് ധര്‍മ്മത്തെ സ്വീകരിച്ച് നമസ്‌ക്കരിച്ച് നന്മയുള്ളവരായി മാറുന്നു.
ഗോമാതാവ്
ഊര്‍ജ്ജസ്രോതസ്സായും അതിന്റെ പ്രതീകമായുമാണ് പശുവിനെ കരുതിപ്പോരുന്നത്.അതുകൊണ്ടാണ് തികച്ചും മാതാവിന്റെ സ്ഥാനം നല്‍കി, ഗോമാതാവ് എന്നു പശുവിനെ വിളിക്കാന്‍ ഭാരതീയത നമ്മെ പ്രേരിപ്പിച്ചതും. ആദികാലം മുതല്‍ തന്നെ പശുവിനെ പവിത്ര മൃഗമായി കരുതിപ്പോരുന്നുണ്ട്. പശുവിന്റെ ഉല്‍ഭവത്തെപ്പറ്റിയുള്ള കഥകള്‍ കൊച്ചുകുട്ടികള്‍ക്കുപോലും ഹൃദിസ്ഥമാണ്. പാലാഴി കടഞ്ഞപ്പോള്‍ ആഴിയില്‍ നിന്നും ഉയര്‍ന്നുവന്ന കാമധേനുവിന്റെയുമൊക്കെ ദേവന്മാരും ഗോമാതാവിന്റെ ശരീരത്തില്‍ വസിക്കുന്നതായാണ് സങ്കല്‍പ്പം. വിശ്വാസങ്ങളെയും സങ്കല്‍പ്പങ്ങളെയും നിരാകരിക്കാന്‍ ആരെങ്കിലും തയ്യാറായാലും പശു ഒരു ഊര്‍ജ്ജസ്രോതസ്സ് ആണ് എന്നതില്‍ തര്‍ക്കമുണ്ടാകില്ല. ഗോദാനം മഹത്വമുള്ളതായി സങ്കല്‍പ്പിക്കുന്നതുകൊണ്ടാണ് ഗോവധം പോലും മഹാപാപമാണെന്ന് ഒരു ജനത കരുതിപ്പോരുന്നതും. പശുവില്‍നിന്നും പാല്‍മാത്രമല്ല കാര്‍ഷിക വൃത്തിക്കാവശ്യമുള്ള ചാണകവും ലഭിക്കുന്നുണ്ട്. മാത്രമല്ല, പാല്‍, തൈര്, നെയ്യ്, ഗോമൂത്രം, ഗോമലം എന്നിവ പ്രത്യേക അനുപാതത്തില്‍ ചേര്‍ത്താല്‍ പഞ്ചഗവ്യം ഉണ്ടാക്കാം. ഇതാകട്ടെ ശുദ്ധീകരണത്തിന് അവശ്യവസ്‌തുവായി കരുതിപ്പോരുന്നുണ്ട്. ആയുര്‍വേദത്തിലെ പല ഔഷധക്കൂട്ടുകള്‍ക്കും പാലോ പാലുല്‍പ്പന്നങ്ങളോ ചേരുവകളുമാണ്.
Discussion about this post