ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ മൊബൈല്‍ ടവറുകള്‍ സ്‌ഥാപിച്ച് പാക്കിസ്‌ഥാന്‍ സാങ്കേതിക അധിനിവേശത്തിനു ശ്രമിക്കുകയാണെന്ന് അദിര്‍ രഞ്ചന്‍ ചൗധരി എംപി. ശൂന്യവേളയിലാണ് അദ്ദേഹം വിഷയം ലോക്‌സഭയുടെ ശ്രദ്ധയില്‍കൊണ്ടുവന്നത്. പാക്കിസ്‌ഥാന്‍ മൊബൈല്‍ കമ്പനികളുടെ സിഗ്നലുകള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ 30 കിലോമീറ്ററുകള്‍ ഉള്ളില്‍ ലഭിക്കുന്നുണ്ടെന്നും ഇത് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതായും ചൗധരി പറഞ്ഞു. മൊബൈല്‍ ടവറുകള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ സ്‌ഥാപിക്കുന്നതില്‍ ദുരൂഹതയുണ്ട്. വിവരസാങ്കേതിക രംഗത്ത് ആഗോള ശക്‌തികളിലൊന്നായ ഇന്ത്യയ്‌ക്ക് ഈ സിഗ്നലുകള്‍ തടയാന്‍ സാധിച്ചിട്ടില്ല. ഇതിനു സമാനമായി ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയിലും മൊബൈല്‍ ടവറുകള്‍സ്‌ഥാപിച്ചിട്ടുണ്ട്. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ഇതു സംബന്ധിച്ച് പാക്കിസ്‌ഥാന്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്യണം- അദ്ദേഹം പറഞ്ഞു.
Discussion about this post