തിരുവനന്തപുരം: പാമൊലിന്‍ കേസില്‍ വിജിലന്‍സ് കോടതി ജഡ്ജി പി.കെ.ഹനീഫ പിന്മാറിയതിനെ ചൊല്ലി പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നു സഭാ നടപടികള്‍ നിര്‍ത്തി വച്ചു. വിജിലന്‍സ് മുഖ്യമന്ത്രിയും ചീഫ് വിപ്പും രാജിവയ്ക്കണം എന്നാവശ്യപ്പെട്ടു പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ബഹളം രൂക്ഷമായതിനെ തുടര്‍ന്നു സ്പീക്കര്‍ സഭാ നടപടികള്‍ നിര്‍ത്തി വയ്ക്കുകയായിരുന്നു.
ജഡ്ജിയുടെ പിന്മാറ്റം ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ടു പ്രതിപക്ഷം അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കി. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആ ണു നോട്ടീസ് നല്‍കിയത്.പാമൊലിന്‍ കേസ് അട്ടിമറിക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നതായി കോടിയേരി ആരോപിച്ചു. ജഡ്ജിയെ സര്‍ക്കാര്‍ സമ്മര്‍ദത്തില്‍ ആക്കി. ജുഡീഷ്യറിയെ കുറിച്ച് നല്ലതുപറയുകയും മറുഭാഗത്ത് എതിര്‍ക്കുകയും ചെയ്യുന്ന രീതിയാണ് സര്‍ക്കാരിന്റേതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
സര്‍ക്കാരിന്റെ അറിവോടെയാണ് ചീഫ് വിപ്പ് പി.സി.ജോര്‍ജ് വിജിലന്‍സ് ജഡ്ജിക്കെതിരെ പരാതി അയച്ചത്.പി.സി.ജോര്‍ജിനെ ഉപയോഗിച്ച് കേസില്‍ നിന്നു രക്ഷപെടാനാണ് ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നത്. ചീഫ് വിപ്പിനെ പുറത്താക്കണം. ഉമ്മന്‍ ചാണ്ടി അഴിമതിയുടെ ഗംഗോത്രിയാണെന്നും കോടിയേരി പറഞ്ഞു.
പ്രശ്‌നം കോടതിയുടെ പരിഗണനയിലെന്നു സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ പറഞ്ഞു. ജുഡീഷ്യറിയുടെ സ്ഥാനത്തെ കുറിച്ചു സര്‍ക്കാരിനു വ്യക്തമായ ബോധ്യമുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. നീതി നിര്‍വഹണത്തില്‍ സര്‍ക്കാര്‍ തടസം സൃഷ്ടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സാക്ഷിപ്പട്ടികയില്‍ നിന്നു പ്രതിപ്പട്ടികയിലേക്കു താന്‍ മാറുന്നതിനുള്ള തെളിവുണ്ടെങ്കില്‍ എന്തുകൊണ്ട് എല്‍ഡിഎഫ് അധികാരത്തില്‍ ഇരുന്നപ്പോള്‍ അതിനുള്ള നടപടി സ്വീകരിച്ചില്ലെന്നും മുഖ്യമന്ത്രി ചോദിച്ചു.
വിഷയത്തില്‍ പി.സി.ജോര്‍ജിന്റെ കത്ത് മാത്രമാണ് സര്‍ക്കാരിനെതിരെ എടുത്തു പറയാനുള്ളത്. പി.സി.ജോര്‍ജ് കത്തയച്ചത് അദ്ദേഹത്തിന്റെ വ്യക്തിപരമായ പൗരസ്വാതന്ത്ര്യം ഉപയോഗിച്ചാണ്. പാമൊലിന്‍ കേസില്‍ സര്‍ക്കാര്‍ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Discussion about this post