തൊടുപുഴ: സംസ്ഥാനത്തെ പ്രാഥമിക സഹകരണസംഘങ്ങള്‍, ജില്ലാ സഹകരണബാങ്കുകള്‍ തുടങ്ങിയവ മിച്ച ഫണ്ടുകളും നിക്ഷേപങ്ങളും സഹകരണമേഖലയ്ക്കു പുറത്തു നിക്ഷേപിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തി സഹകരണസംഘം രജിസ്ട്രാര്‍ ഉത്തരവിറക്കി. സംസ്ഥാനത്തെ ചില സഹകരണസംഘങ്ങളും ബാങ്കുകളും അവരുടെ നിക്ഷേപം വാണിജ്യബാങ്കുകളിലും സ്വകാര്യബാങ്കുകളിലും നിക്ഷേപിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണു നിയന്ത്രണം കൊണ്ടുവന്നത്.
ഏതെങ്കിലും സഹകരണ സംഘങ്ങള്‍, ബാങ്കുകള്‍ അവരുടെ ഫണ്ടുകള്‍ ജില്ലാ സഹകരണ ബാങ്കുകള്‍ക്കു പുറത്തു നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ പിന്‍വലിച്ചു ജില്ലാ സഹകരണ ബാങ്കുകളില്‍ നിക്ഷേപിക്കണമെന്നു സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു. നേരത്തെ മിച്ചഫണ്ടുകളും നിക്ഷേപങ്ങളും ഗവണ്‍മെന്റ് ട്രഷറികളിലും സംഘങ്ങളുടെയും ബാങ്കുകളുടെയും പ്രവര്‍ത്തനപരിധിയിലുള്ള ദേശസാത്കൃത ഷെഡ്യൂള്‍ഡ് ബാങ്കുകളിലും നിക്ഷേപിക്കാന്‍ അനുവാദമുണ്ടായിരുന്നു. സഹകരണ ബാങ്കുകള്‍ സ്വീകരിക്കുന്ന നിക്ഷേപം സഹകരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കും കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വായ്പയായി ലഭ്യമാക്കുന്നതിനു സഹകരണമേഖലയില്‍ നിന്നു സ്വരൂപിക്കുന്ന നിക്ഷേപം സഹകരണമേഖലയില്‍ തന്നെ നിക്ഷേപിക്കണം.
രജിസ്ട്രാറുടെയോ, ജോയിന്റ് രജിസ്ട്രാറുടേയോ അനുമതിയോടെ സ്വകാര്യബാങ്കുകളിലോ, ദേശസാത്കൃത, വാണിജ്യ ബാങ്കുകളിലോ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍, അനുമതി നല്‍കിയ ഉത്തരവില്‍ അനുവദിച്ചിട്ടുള്ളതില്‍ കൂടുതല്‍ തുക യാതൊരു കാരണവശാലും അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ പാടില്ല. സ്വകാര്യ, ദേശസാത്കൃത, വാണിജ്യ ബാങ്കുകളില്‍ നിക്ഷേപം നടത്തുന്നതിന് അനുമതി മുമ്പു നല്കിയിട്ടുള്ളതു ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാര്‍ പരിശോധിച്ചു വിലയിരുത്തേണ്ടതാണ്. നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സഹകരണസംഘങ്ങള്‍, ബാങ്കുകള്‍ക്കെതിരേ കേരള സഹകണസംഘം നിയമപ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കും. ഓരോ ജില്ലയിലും സഹകരണസംഘം ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് തയാറാക്കണമെന്നും നിര്‍ദേശമുണ്ട്.
മറ്റൊരു സര്‍ക്കുലറില്‍ രജിസ്ട്രാര്‍ പട്ടികജാതി , വര്‍ഗ, പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങളുടെ വായ്പ കടാശ്വാസ പദ്ധതിക്കും വായ്പ തിരിച്ചടയ്ക്കാ നും കാലാവധി നീട്ടിനല്‍കിക്കൊണ്ട് ഉത്തരവു പുറപ്പെടുവിച്ചു. സഹകരണ സംഘങ്ങളില്‍ നി ന്നും ബാങ്കുകളില്‍ നിന്നും പട്ടികജാതി, വര്‍ഗ, പരിവര്‍ത്തിത ക്രൈസ്തവര്‍ എടുത്തിരിക്കുന്നതും കാലാവധി കഴിഞ്ഞു കുടിശികയായതുമായ വായ്പകള്‍ക്കു തിരിച്ചടയ്ക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി ക്കൊണ്ടു രജിസ്ട്രാര്‍ ഉത്തരവാ യിട്ടുണ്ട്. ആനുകുല്യ അര്‍ഹത ഉറപ്പുവരുത്തുന്നതിനു വായ്പ ക്കാരന്‍ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട സമയപരിധിയും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിപ്രകാരം വായ്പക്കാരന്‍ അടയ്‌ക്കേണ്ട വിഹിതം അടയ്ക്കാനുള്ള സമയപരിധിയുമാണു നീട്ടിയിരിക്കുന്നത്.
Discussion about this post