തിരുവനന്തപുരം: മഅദനിയുടെ അറസ്‌റ്റിന് കര്‍ണാടക ആഭ്യന്തര മന്ത്രി നേരിട്ട് സഹായം തേടിയെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഡിജിപിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മഅദനിയെ അറസ്‌റ്റ് ചെയ്യേണ്ടത് കര്‍ണാടക പൊലീസാണ്. ഇതിനുള്ള എല്ലാ സഹായവും കേരള പൊലീസ് നല്‍കും. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുവാന്‍ അനുവദിക്കില്ല. മഅദനിയുടെ അറസ്‌റ്റ് സംബന്ധിച്ച് കര്‍ണാടക പൊലീസും ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്.
സ്‌ഫോടനപരമ്പര കേസില്‍ പിഡിപി ചെയര്‍മാന്‍ അബ്‌ദുല്‍ നാസര്‍ മഅദനിയുടെ അറസ്‌റ്റിനായി കേരള പൊലീസ് എല്ലാവിധ സഹായവും നല്‍കുന്നുണ്ടെന്ന് ബാംഗ്ലൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ശങ്കര്‍ ബിദ്‌രി. ഇതുസംബന്ധിച്ച്‌് യാതൊരുവിധ തടസങ്ങളും കര്‍ണാടക പൊലീസിനു നേരിട്ടിട്ടില്ല. ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രിമാരുടെ പ്രസ്‌താവനകളോട് പ്രതികരിക്കുന്നില്ലെന്നും ശങ്കര്‍ ബിദ്‌രി ബാംഗ്ലൂരില്‍ പറഞ്ഞു.
ഇതിനിടെ, അബ്‌ദുല്‍ നാസര്‍ മഅദനിയുടെ അറസ്‌റ്റ് രണ്ടുദിവസത്തിനകം ഉണ്ടാകുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി വി.എസ് ആചാര്യ അറിയിച്ചു.ഇതിനായി കര്‍ണാടക പൊലീസ് കേരളത്തില്‍ തുടരും. അറസ്‌റ്റിനു തടസമാകുന്ന പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. അതേസമയം, തനിക്കെതിരെയുള്ള കുറ്റപത്രവും തുടര്‍നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മഅദനി കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി തിങ്കളാഴ്‌ച പരിഗണിക്കും.
Discussion about this post