ന്യൂഡല്‍ഹി: മൊഴിചൊല്ലപ്പെട്ട സ്ത്രീ വീണ്ടും വിവാഹിതയാകുന്നതുവരെ അവര്‍ക്കും കുട്ടികള്‍ക്കും ചെലവിന് നല്‍കാനുള്ള ബാധ്യത മുസ്‌ലിം പുരുഷനുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി വിധിച്ചു.
വിവാഹത്തിനുശേഷം മൂന്നുമാസത്തോളം നീളുന്ന ‘ഇദ്ദത്ത്’ കാലയളവില്‍ മാത്രം ഭര്‍ത്താവ് ഭാര്യക്ക് ചെലവിന് നല്‍കിയാല്‍ മതി എന്നാണ് മുസ്‌ലിം വ്യക്തിനിയമം അനുശാസിക്കുന്നത്. എന്നാല്‍ രാജ്യത്തെ ക്രിമിനല്‍ നടപടിച്ചട്ടമനുസരിച്ച് ഭാര്യ വീണ്ടും വിവാഹിതയാവുന്നതുവരെ അവര്‍ക്കും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കും ചെലവിന് നല്‍കണമെന്ന് ജസ്റ്റിസ് എസ്.എന്‍. ധിന്‍ഗ്ര ചൂണ്ടിക്കാട്ടി.
ക്രിമിനല്‍ നടപടിച്ചട്ടത്തിന്റെ 125-ാം വകുപ്പുപ്രകാരം കുടുംബ കോടതികള്‍ക്ക് ഇത്തരം കേസുകളില്‍ തീര്‍പ്പുകല്പിക്കാം. ഈ നിയമപ്രകാരം ചെലവിന് നല്‍കുന്നത് ‘ഇദ്ദത്ത്’ കാലത്ത് മാത്രമായി പരിമിതപ്പെടുത്താനാവില്ല. നിയമത്തിന്റെ ആനുകൂല്യം മൊഴിചൊല്ലപ്പെട്ട മുസ്‌ലിം വനിതകള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം-കോടതി പറഞ്ഞു.
വിവാഹമോചിതയായ ഭാര്യയ്‌ക്കൊപ്പം കഴിയുന്ന പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്ക് 2000 രൂപ പ്രതിമാസം ചെലവിന് നല്‍കണമെന്ന കീഴ്‌ക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ തള്ളിയാണ് കോടതി ഈ ഉത്തരവിട്ടത്. വിവാഹമോചനം നടന്നിട്ട് രണ്ടു വര്‍ഷമായെന്നും വ്യക്തിനിയമപ്രകാരം കുട്ടികള്‍ക്ക് ചെലവിനു നല്‍കാന്‍ ബാധ്യതയില്ലെന്നുമുള്ള ഹര്‍ജിക്കാരന്റെ വാദം കോടതി അംഗീകരിച്ചില്ല.
മുസ്‌ലിം വ്യക്തിനിയമപ്രകാരം ഇദ്ദത് കാലാവധിക്കുശേഷം പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ചെലവിന് നല്‍കേണ്ടതില്ലെന്നു ചൂണ്ടിക്കാട്ടിയ ഹര്‍ജിക്കാരന്റെ വാദം കോടതി തള്ളി. മുസ്‌ലിം വ്യക്തിനിയമപ്രകാരമുള്ള കാലാവധിക്കുശേഷം, സ്ത്രീപുനര്‍വിവാഹിതയായില്ലെങ്കില്‍ ക്രിമിനല്‍ നടപടിച്ചട്ടമനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹയാണ്. ഈ ആനുകൂല്യം പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്കുമുണ്ട്. മുസ്‌ലിം വനിതകള്‍ക്കുള്ള വിവാഹമോചന നിയമവ്യവസ്ഥകളിലുള്ള നിയന്ത്രണങ്ങള്‍ മറ്റ് അവകാശങ്ങള്‍ ഇല്ലാതാക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
Discussion about this post