തിരുവനന്തപുരം: ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്‌കാരം പ്രശസ്ത സാഹിത്യകാരന്‍ സി.രാധകൃഷ്ണന്. 1,11111 രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം. വള്ളത്തോള്‍ സാഹിത്യസമിതിയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആര്‍ .രാമചന്ദ്രന്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്. നോവലിസ്റ്റ്, കഥാകൃത്ത്, പ്രഭാഷകന്‍ , ഉപന്യാസകാരന്‍, ചലച്ചിത്രകാരന്‍ എന്നീ മേഖലകളില്‍ ഏറെ ശ്രദ്ധേയനായ സി.രാധാകൃഷ്ണന്‍ ആധുനികതയുടെ ദുരൂഹാഖ്യാനത്തില്‍ പെടാതെ വള്ളുവനാട്ടിലെ സാധാരണമനുഷ്യരുടെ ജീവിതം കാവ്യാത്മകഭാഷയില്‍ അവതരിപ്പിച്ച എഴുത്തുകാരനാണ്.
ഗ്രാമീണതയും നാഗരികതയും തമ്മിലുള്ള സംഘര്‍ഷം ഇദ്ദേഹത്തിന്റെ അടിസ്ഥാനപ്രമേയങ്ങളിലൊന്നാണ്. എഴുത്തച്ഛന്റെ ജീവിതത്തെ ആസ്പതമാക്കിയുള്ള തീക്കടല്‍ കടഞ്ഞ് തിരുമധുരം, ഇനിയൊരു നിറകണ്‍ചിരി, കരള്‍ പിളരും കാലം, മുന്‍പേ പറക്കുന്ന പക്ഷികള്‍, ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ, സ്പന്ദമാപിനികളേ നന്ദി, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, നിഴല്‍പ്പാടുകള്‍, അമൃതം, ആഴങ്ങളില്‍ അമൃതം, അമാവാസികള്‍ തുടങ്ങിയവയാണ് പ്രധാനകൃതികള്‍ . കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, മഹാകവി ജി. പുരസ്‌കാരം, അബുദാബി മലയാളി സമാജം പുരസ്‌കാരം, ലളിതാംബിക അന്തര്‍ജനം പുരസ്‌കാരം, അങ്കണം അവാര്‍ഡ് തുടങ്ങിയ ഒട്ടേറെ പുരസ്‌കാരങ്ങള്‍ സി.രാധാകൃഷ്ണനെ തേടിയെത്തിയിട്ടുണ്ട്. 2010-ലെ കേരളസാഹിത്യ അക്കാദമി വിശിഷ്ടാഗത്വം ലഭിച്ചു.
Discussion about this post