ചെന്നൈ: നിലവിലുള്ള ആന്റിബയോട്ടിക് ഔഷധങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള സൂപ്പര്‍ ബാക്ടീരിയ ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍നിന്ന് പടരുന്നുവെന്ന ബ്രിട്ടന്റെ ആരോപണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
വൈദ്യശാസ്ത്ര പ്രസിദ്ധീകരണമായ ‘ദി ലാന്‍സെറ്റി’ല്‍ ഇതുസംബന്ധിച്ച് പ്രസിദ്ധീകരിച്ച പ്രബന്ധത്തിന്റെ മുഖ്യ രചയിതാവായ ഗവേഷകന്‍ കാര്‍ത്തികേയന്‍ കുമാരസ്വാമിതന്നെ ആരോപണത്തിനെതിരെ രംഗത്തെത്തി. കേന്ദ്ര ആരോഗ്യ വകുപ്പും രാജ്യത്തെ പ്രമുഖ ഡോക്ടര്‍മാരും ആരോപണം നിഷേധിച്ചിട്ടുണ്ട്.
”എന്റെ അറിവോടെയല്ലാതെ സൂപ്പര്‍ ബാക്ടീരിയയെക്കുറിച്ച് ചില വ്യാഖ്യാനങ്ങള്‍ വന്നിട്ടുണ്ട്. ബാക്ടീരിയ ഇന്ത്യയില്‍ നിന്നാണ് പടരുന്നതെന്ന് അന്തിമ തീര്‍പ്പിലെത്താനായിട്ടില്ല” -മുതലിയാര്‍ ബിരുദാനന്തര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബേസിക് മെഡിക്കല്‍ സയന്‍സസ് ഗവേഷണ വിദ്യാര്‍ഥിയായ ഈറോഡ് സ്വദേശി കാര്‍ത്തികേയന്‍ കുമാരസ്വാമി പറഞ്ഞു. ബ്രിട്ടനിലെ കാര്‍ഡിഫ് സര്‍വകലാശാലാ പ്രൊഫസര്‍ തിതോത്തി വാല്‍ഷിനൊപ്പമാണ് അദ്ദേഹം ഈ പ്രബന്ധമെഴുതിയത്.
ന്യൂഡല്‍ഹി മെറ്റാലിയോ-ബീറ്റ-ലാക്ടമീസ് (എന്‍.ഡി.എം.-1) എന്ന് പേരിട്ട ബാക്ടീരിയ ഇന്ത്യയില്‍ ചികിത്സയ്‌ക്കെത്തുന്നവരിലേക്ക് പകരുന്നതായി ഗവേഷണ പ്രബന്ധം പറയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് വന്നത്.
”സൂപ്പര്‍ ബാക്ടീരിയയെക്കുറിച്ച് പേടിക്കാന്‍ ഒന്നുമില്ല. മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ല. ഇന്ത്യയില്‍ നിന്നാണ് ബാക്ടീരിയ പടരുന്നതെന്നത് സാങ്കല്പികം മാത്രമാണ്. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും സാമ്പിള്‍ ശേഖരിച്ച് പഠനം നടത്താത്തിടത്തോളം ഇത്തരം ഊഹാപോഹങ്ങള്‍ ഉയരും” -കാര്‍ത്തികേയന്‍ വിശദീകരിച്ചു.
ഇപ്പോള്‍ ഭീഷണി ഉയര്‍ത്തുന്ന എച്ച്1എന്‍1 ബാക്ടീരിയയുടെ അത്ര വിനാശകാരിയോവലുതോ അല്ല എന്‍.ഡി.എം.-1 -അദ്ദേഹം വ്യക്തമാക്കി.
ബാക്ടീരിയയെക്കുറിച്ചുള്ള പ്രചാരണം മെഡിക്കല്‍ ടൂറിസത്തെ ബാധിക്കുമെങ്കില്‍ ഇതിന്റെ പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് അപ്പോളോ ആസ്പത്രി ചെയര്‍മാന്‍ ഡോ. പ്രതാപ് റെഡ്ഡി പറഞ്ഞു.
”സൂപ്പര്‍ ബാക്ടീരിയ സിദ്ധാന്തത്തിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ വി.എം. കാട്ടോക് ഉചിതമായ മറുപടി പറഞ്ഞുകഴിഞ്ഞു. ബാക്ടീരിയയുടെ ഉത്ഭവം ഡല്‍ഹിയിലെ ആസ്പത്രിയില്‍ നിന്നാണെന്ന വാദം ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് സംശയിക്കണം. ബാക്ടീരിയയെ ഡല്‍ഹിയുടെ പേരില്‍ വിശേഷിപ്പിച്ചതിനോട് ശക്തമായി വിയോജിക്കുന്നു” -പ്രതാപ് റെഡ്ഡി പറഞ്ഞു.
പൊണ്ണത്തടി സംബന്ധിച്ചുള്ള ശില്പശാലയില്‍ പങ്കെടുക്കാന്‍ ചെന്നൈയില്‍ എത്തിയ ലണ്ടന്‍ ഇംപീരിയല്‍ കോളേജ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ടോര്‍സ്റ്റന്‍ ഓള്‍ബര്‍ഡും ഇക്കാര്യത്തില്‍ ഭയപ്പെടേണ്ട സാഹചര്യം ഒന്നുമില്ലെന്നു വിശദീകരിച്ചു.
റിപ്പോര്‍ട്ട് ഇന്ത്യയെ പ്രതികൂലമായി ബാധിക്കില്ലെന്ന് ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റി ഓഫ് ലീഡ്‌സിലെ ശസ്ത്രക്രിയാ വിഭാഗം സീനിയര്‍ ലക്ചററും മുംബൈ സ്വദേശിയുമായ ഡോ. അബീസര്‍ സരേല പറഞ്ഞു.
Discussion about this post