തിരുവനന്തപുരം: കൊട്ടാരക്കര വാളകത്ത് ആക്രമണത്തിനിരയായ ആര്‍വിഎച്ച്എസ് അധ്യാപകന്‍ ആര്‍.കൃഷ്ണകുമാറിന്റെ മൊഴി തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് എ.എം. അഷറഫ് രേഖപ്പെടുത്തി. അധ്യാപകന്‍ നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം, സംഭവത്തിന്റെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഐജി പത്മകുമാറിന്റെ നേതൃത്വത്തില്‍ കൊട്ടാരക്കരയില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ചേര്‍ന്നു. രാവിലെ 10.30ന് ഐജിയുടെ അധ്യക്ഷതയില്‍ എസ്പി ഓഫിസിലാണു യോഗം ചേര്‍ന്നത്. കേസില്‍ ചില നിര്‍ണായക തെളിവുകള്‍ ലഭിച്ചതായാണു സൂചന. ഈ തെളിവുകളും കൃഷ്ണകുമാറിന്റെ മൊഴിയും തമ്മില്‍ ഒത്തു നോക്കും. കൊട്ടാരക്കര ഡിവൈഎസ്പിയും കൃഷ്ണകുമാറിന്റെ മൊഴിയെടുക്കും.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന കൃഷ്ണകുമാറിന്റെ മൊഴി ഇന്നലെ രേഖപ്പെടുത്താനായിരുന്നില്ല. ഇതിനായി എ.എം. അഷറഫ് എത്തിയെങ്കിലും കൃഷ്ണകുമാര്‍ അബോധാവസ്ഥയിലായിരുന്നു. കൃഷ്ണകുമാറിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. എന്നാല്‍ അദ്ദേഹത്തിന്റെ സംസാരം വ്യക്തമല്ലെന്നാണു സൂചന. കൃഷ്ണകുമാര്‍ വ്യക്തമായി ഒന്നും സംസാരിക്കുന്നില്ലെന്നു ഭാര്യ ഗീത പറഞ്ഞു.
Discussion about this post