തിരുവനന്തപുരം: വാളകത്ത് ആക്രമിക്കപ്പെട്ട് ചികിത്സയില്‍ കഴിയുന്ന അധ്യാപകന്‍ ആര്‍.കൃഷ്ണകുമാര്‍ മൊഴി തിരുത്തിപ്പറഞ്ഞു. ആക്രമണം നടന്ന ദിവസം താന്‍ കടയ്ക്കലില്‍ പോയിട്ടില്ല എന്ന മൊഴിയാണ് കൃഷ്ണകുമാര്‍ വ്യാഴാഴ്ച പോലീസിനോട് മാറ്റിപ്പറഞ്ഞത്. ആക്രമണം നടന്ന ദിവസം താന്‍ കടയ്ക്കലില്‍ പോയി ജ്യോത്സ്യന്‍ ശ്രീകുമാറിനെ കണ്ടിരുന്നുവെന്ന് വ്യാഴാഴ്ച ആസ്പത്രിയില്‍ വച്ച് കൃഷ്ണകുമാര്‍ അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞു. സ്‌കൂള്‍ മാനേജരായ മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് തന്നോടും ഭാര്യയോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന മൊഴി കൃഷ്ണകുമാര്‍ അന്വേഷണോദ്യോഗസ്ഥരോട് ഇത്തവണയും ആവര്‍ത്തിക്കുകയായിരുന്നു. അതേസമയം അപകടനില തരണം ചെയ്തതിനാല്‍ കൃഷ്ണകുമാറിനെ ഇന്ന് വാര്‍ഡിലേയ്ക്ക് മാറ്റുമെന്നാണറിയുന്നത്.
ബുധനാഴ്ച ജ്യോത്സ്യന്‍ ശ്രീകുമാറിനെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച അന്വേഷണസംഘം വീണ്ടും അധ്യാപകനെ ചോദ്യംചെയ്തത്. ഇരുവരുടെയും മൊഴികളിലെ വൈരുദ്ധ്യം നീക്കുക എന്നതായിരുന്നു ഇന്നത്തെ ചോദ്യംചെയ്യലിന്റെ ഉദ്ദേശ്യം. എന്നാല്‍, മൊഴികളിലെ വൈരുദ്ധ്യം പൂര്‍ണമായി മാറിയിട്ടില്ലെന്ന് അന്വേഷണോദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കൃഷ്ണകുമാറിന്റെ ഭാര്യ ഗീതയെ വീണ്ടും ചോദ്യംചെയ്യുന്നുണ്ട്.
Discussion about this post