കോഴിക്കോട്: മജീതിയ വേജ് ബോര്‍ഡ് കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പത്രജീവനക്കാര്‍ ഉപരോധ സമരം നടത്തി. പത്രപ്രവര്‍ത്തകരുടെ സംഘടനയായ കെ.യു.ഡബ്യു.ജെയും പത്രജീവനക്കാരുടെ സംഘടനയായ കെ.എന്‍.ഇ.എഫും സംയുക്തമായി സംഘടിപ്പിച്ച ഉപരോധ സമരത്തില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. പ്രസ് ക്ലബ് പരിസരത്ത് നിന്ന് പ്രകടനമായി നീങ്ങിയ മാര്‍ച്ച് നഗരം ചുറ്റിയാണ് മാനാഞ്ചിറയിലെ ആദായനികുതി ഓഫീസ് മുമ്പാകെ എത്തിയത്. ഉപരോധ സമരം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.എന്‍ രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പത്രഉടമകള്‍ അവര്‍ക്ക് ലഭിക്കുന്ന ലാഭത്തിന്റെ ചെറിയ വിഹിതം ജീവനക്കാര്‍ക്ക് നല്‍കണമെന്ന് 1955 ല്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ കാലത്ത് വേജ് ബോര്‍ഡ് ആക്ടില്‍ പറയുന്നുണ്ട്. എന്നാല്‍ അത് നടപ്പിലാക്കാന്‍ പോലും പത്രഉടമകള്‍ തയാറാകുന്നില്ല. അതിന് കേന്ദ്രസര്‍ക്കാരും കൂട്ടുനില്‍ക്കുകയാണെന്ന് കെ.എന്‍ രവീന്ദ്രനാഥ് കുറ്റപ്പെടുത്തി. നീതിക്ക് വേണ്ടിയുള്ള സമരത്തിന് സി.ഐ.ടി.യുവിന്റെ എല്ലാ പിന്തുണയും അദ്ദേഹം ഉറപ്പ് നല്‍കി.
ആദായനികുതി ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പത്രജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. 2010 ഡിസംബറില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെയും ഇത് നടപ്പിലാക്കാതെ നീട്ടിക്കൊണ്ട് പോകുന്നതില്‍ ജീവനക്കാര്‍ ശക്തിയായി പ്രതിഷേധിച്ചു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് അഡ്വ. രാജന്‍, എച്ച്.എം.എസ് ജില്ലാ നേതാവ് ചന്ദ്രന്‍ മനയത്ത്, ബി.എം.എസ്, എസ്.ടി.യു, ബെഫി എന്നിവയുടെ നേതാക്കളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംസാരിച്ചു.
കെ.യു.ഡബ്ല്യു.ജെ പ്രസിഡന്റ് കെ.സി രാജഗോപാല്‍, സെക്രട്ടറി മനോഹരന്‍ മൊറായി, മുന്‍ സെക്രട്ടറി എന്‍ പത്മനാഭന്‍, പ്രസ് ക്ലബ് പ്രസിഡന്റ് എം സുധീന്ദ്രകുമാര്‍, കെ.എന്‍.ഇ.എഫ് നേതാക്കളായ അബ്ദുല്‍ റഷീദ്, ദിനകരന്‍ തുടങ്ങിയവരും സംസാരിച്ചു.
Discussion about this post