ന്യൂഡല്‍ഹി: ദീപാവലിക്കു മുമ്പ് ഡല്‍ഹിയില്‍ വന്‍ സ്‌ഫോടനം നടത്താനുള്ള ഭീകരരുടെ പദ്ധതി പോലീസ് പൊളിച്ചു. ഹരിയാനയിലെ അംബാലയില്‍ നിന്നു വന്‍ സ്‌ഫോടകശേഖരം പിടികൂടിയതോടെയാണ് സ്‌ഫോടന പദ്ധതിയുടെ വിവരം പുറത്തുവന്നത്. അംബാല കന്റോണ്‍മെന്റ് റെയില്‍വേസ്റ്റേഷനു പുറത്തു പാര്‍ക്ക് ചെയ്തിരുന്ന ടാറ്റ ഇന്‍ഡിക്ക കാറില്‍നിന്ന് അഞ്ചു കിലോഗ്രാം ആര്‍ഡിഎക്‌സും ഡിറ്റണേറ്ററുകളുമാണ് രഹസ്യവിവരത്തെത്തുടര്‍ന്നു പോലീസ് കണ്ടെത്തിയത്. ഡല്‍ഹിയില്‍ സ്‌ഫോടനം നടത്തുന്നതിനായി കൊണ്ടുവന്നിരുന്നതാണ് സ്‌ഫോടകവസ്തുക്കളെന്നും ലഷ്‌കര്‍ ഇ തോയിബയാണ് ഇതെത്തിച്ചതെന്നും ഡല്‍ഹി സ്‌പെഷല്‍ സെല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അരുണ്‍ കമ്പാനി പറഞ്ഞു.
ബുധനാഴ്ച രാത്രിയോടെയാണ് അംബാല കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ടാറ്റ ഇന്‍ഡിക്ക കാറില്‍നിന്നു സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തത്. രണ്ടു പായ്ക്കറ്റുകളിലായി അഞ്ചു കിലോഗ്രാം ആര്‍ഡിഎക്‌സിനൊപ്പം അഞ്ചു ഡിറ്റണേറ്ററുകളും രണ്ടുടൈമറുകളും രണ്ടു ബാറ്ററികളും കാറിനുള്ളിലുണ്ടായിരുന്നു. കാഷ്മീരില്‍നിന്നു വാഹനത്തില്‍ സ്‌ഫോടകവസ്തുക്കള്‍ കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു നടപടി. സിക്ക് തീവ്രവാദി ഗ്രൂപ്പിനു കൈമാറുന്നതിനായി ലഷ്‌കര്‍ എത്തിച്ചതാണിതെന്നാണ് പോലീസ് സംശയിക്കുന്നത്.
സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയ കാര്‍ മോഷ്ടിക്കപ്പെട്ടതാകാമെന്നും സംശയിക്കുന്നു. രജിസ്‌ട്രേഷന്‍ ഹരിയാനയില്‍നിന്നുള്ള വ്യാജനമ്പരാണെന്നു കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ല. സ്‌ഫോടകവസ്തുക്കള്‍ ഫോറന്‍സിക് വിഭാഗത്തിനു കൈമാറി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഡല്‍ഹിയില്‍ നിന്ന് എന്‍ഐഎ, ദേശീയ സുരക്ഷാ സേന (എന്‍എസ്ജി) സംഘങ്ങള്‍ അംബാലയില്‍ എത്തിയിട്ടുണ്ട്. കാറിനുള്ളില്‍നിന്നു കണ്ടെത്തിയ മിഠായിപ്പൊതിജമ്മുവിലെ ബാരി ബ്രാഹ്മണ മേഖലയില്‍ നിന്നു വാങ്ങിയതാണെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Discussion about this post