തിരുവനന്തപുരം: കോഴിക്കോട് രണ്ട് കോളജ് വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് ഐസ്‌ക്രീംകേസുമായി ബന്ധമില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇവരുടെ മരണത്തില്‍ ദുരൂഹതയില്ല. 15 വര്‍ഷം മുന്‍പു നടന്ന സംഭവമാണ്. ഇതില്‍ ഒന്‍പതു വര്‍ഷം ഇടതു ഭരണമായിരുന്നിട്ടും അന്നില്ലാത്ത തരത്തില്‍ കേസ് വെറുതെ വിവാദമാക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു. കേസില്‍ തുടരന്വേഷണം വേണ്ടെന്ന് അസിസ്റ്റ്ന്റ് കമ്മിഷണര്‍ കെ.രാധാകൃഷ്ണപിള്ള കോടതിക്കു റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനായ ജെയ്‌സണ്‍ കെ.ഏബ്രഹാമിന്റെ റിപ്പോര്‍ട്ട് കവറിങ് ലെറ്റര്‍ സഹിതം സമര്‍പ്പിക്കുകയാണു ചെയ്തത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നഷ്ടപ്പെട്ടിട്ടില്ല. ആദ്യത്തെ കുട്ടി പീഡനത്തിന് ഇരയായിട്ടില്ല. രണ്ടാമത്തെ കുട്ടിയെ പരുക്കു മൂലം പരിശോധനയ്ക്കു വിധേയയാക്കിയില്ലെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു. സംഭവത്തില്‍ പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ക്കു പരാതിയോ സംശയമോ ഇല്ലെന്നും അറിയിച്ചിരുന്നു. ആത്മഹത്യയുടെ കാരണം പെണ്‍കുട്ടികള്‍ക്കു മാത്രമേ അറിയൂവെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കെ.രാധാകൃഷ്ണപിള്ള തുടരന്വേഷണം വേണ്ടെന്നു റിപ്പോര്‍ട്ട് നല്‍കിയതു സംബന്ധിച്ചു സഭയില്‍ ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ടു പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തര പ്രമേയത്തിനു മറുപടി പറയുകയായിരുന്നു ഉമ്മന്‍ ചാണ്ടി. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായും പ്രതിപക്ഷം ആരോപിച്ചു. കെ.കെ.ലതികയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.
Discussion about this post