തൃശ്ശൂര്‍: പ്രശസ്ത കവിയും ഗാനരചയിതാവുമായ മുല്ലനേഴി നീലകണ്ഠന്‍ (63) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യആസ്പത്രിയില്‍ ഇന്നുപുലര്‍ച്ചെ 3.30 നായിരുന്നു അന്ത്യം. നെഞ്ചുവേദനയെതുടര്‍ന്ന് ഇന്നലെ വൈകീട്ടാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. നടന്‍, കവി, ഗാനരചയിതാവ് എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു അദ്ദേഹത്തിന് 1995ലെയും 2010ലെയും കേരളസാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ഉള്ളൂര്‍ കവിമുദ്ര പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
1976 ല്‍ ലക്ഷ്മി വിജയം എന്ന ചലച്ചിത്രത്തിനുവേണ്ടിയാണ് ആദ്യമായി ഗാനരചന നിര്‍വഹിച്ചത്. ഇന്ത്യന്‍ റുപ്പിയാണ് അദ്ദേഹത്തിന്റെ അവസാനചിത്രം. 22 ചലച്ചിത്രങ്ങള്‍ക്കായി 69ലേറെ ഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. നിരവധി കവിതകളും ആല്‍ബം ഗാനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. പിറവി, ഉപ്പ്, കഴകം എന്നീ ചലച്ചിത്രങ്ങളിലും അടുക്കളയില്‍നിന്നും അരങ്ങത്തേക്ക്, ചാവേര്‍പട എന്നീനാടകങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അഭിനയിച്ചു.
1948 മേയ് 16ന് ആവണിശ്ശേരി മുല്ലനേഴി മനയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. രാമവര്‍മ്മപുരം ഹൈസ്‌ക്കൂളില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്നു അദ്ദേഹം. 1980 മുതല്‍ 83 വരെ കേരള സംഗീത നാടക അക്കാദമി ഭരണസമിതി അംഗമായിരുന്നു. സംസ്‌കാരം വൈകീട്ട് അഞ്ചരയ്ക്ക് തൃശ്ശൂര്‍ ആവണിശ്ശേരിയിലെ വീട്ടുവളപ്പില്‍ നടക്കും.
Discussion about this post