
ചെങ്ങന്നൂര്‍: മുതവഴി കുമാരമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ താഴികക്കുടത്തിന്റെ ഭാഗം കവര്‍ന്ന കേസില്‍ അഞ്ചുപേര്‍ അറസ്റ്റിലായി. ചെങ്ങന്നൂര്‍ സ്വദേശികളായ ശരത് ഭട്ടതിരി, രഞ്ജിത് എന്നിവരും തൃശൂര്‍ സ്വദേശികളായ ജോഷി, അനീഷ്, രാമചന്ദ്രന്‍ എന്നിവരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ശരത് ഭട്ടതിരി ക്ഷേത്രത്തിന്റെ ഊരായ്മക്കാരായ ചിത്രത്തൂര്‍ മഠത്തിലെ അംഗമാണ്. രഞ്ജിത് താഴികക്കുടത്തിനു കാവല്‍ നിന്നിരുന്ന ആളാണ്. ക്ഷേത്രത്തില്‍ മോഷണശ്രമം പതിവായതിനെ തുടര്‍ന്ന് നാട്ടുകാര്‍ രാത്രി കാവല്‍ ഏര്‍പ്പെടുത്തുകയായിരുന്നു. രഞ്ജിത്ത് ആണ് സ്ഥിരമായി കാവല്‍ നിന്നിരുന്നത്. താഴികക്കുടം വാങ്ങാനെത്തിയതാണ് മറ്റു മൂന്നുപേരുമെന്നാണ് സൂചന. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായും സൂചനയുണ്ട്. ഒട്ടേറെ പേരെ ചോദ്യംചെയ്തതിനെത്തുടര്‍ന്നാണ് ഇന്നലെ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇറിഡിയം ലോഹത്തിന്റെ സാന്നിധ്യമുണ്ടെന്നു വിശ്വസിക്കുന്ന താഴികക്കുടത്തിന്റെ മുകള്‍ ഭാഗമാണ് വ്യാഴാഴ്ച കവര്‍ന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കുശേഷമായിരുന്നു കവര്‍ച്ച. താഴികക്കുടം മോഷണം പോകാനിടയുണ്ടെന്നു പൊലീസ് രഹസ്യാന്വേഷണ വിഭാഗം ഒരാഴ്ച മുന്‍പ് ചെങ്ങന്നൂര്‍ പൊലീസിനു മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും ക്ഷേത്രത്തിനു പ്രത്യേക സുരക്ഷ ഒരുക്കിയിരുന്നില്ല. ആയിരത്തഞ്ഞൂറോളം വര്‍ഷത്തെ പഴക്കമുണ്ടെന്നു കരുതപ്പെടുന്ന താഴികക്കുടത്തിനു ചുറ്റും സവിശേഷമായ പ്രഭാവലയം ഉപഗ്രഹം വഴി കണ്ടെത്തിയതു മൂന്നുവര്‍ഷം മുന്‍പാണ്. തുടര്‍ന്ന് ഇതു വാങ്ങാനും തട്ടിയെടുക്കാനുമായി രാജ്യത്തിനകത്തും പുറത്തുനിന്നും പലരും എത്തിയിരുന്നതായാണ്് വിവരം.
ശ്രീകോവിലിനു പിന്നിലെ ഓടുമേഞ്ഞ മേല്‍ക്കൂരയിലൂടെ കയറിയാണു താഴികക്കുടത്തിന്റെ ഭാഗം ഇളക്കിയത്. മേല്‍ക്കൂരയില്‍ പതിനഞ്ചോളം ഓടുകള്‍ പൊട്ടിയിട്ടുമുണ്ടായിരുന്നു. ഇവിടെ ഏണി ചാരിവച്ചതിന്റെ പാടുകളും കാണപ്പെട്ടു. മോഷ്ടാവ് മുളങ്കമ്പുകൊണ്ട് താഴികക്കുടത്തില്‍ അടിച്ച് കൂമ്പ് ഒടിച്ചെടുത്തെന്നാണു പൊലീസ് നിഗമനം.
ചിത്രത്തൂര്‍ മഠത്തിന്റെ ഊരാണ്‍മയിലായിരുന്ന ക്ഷേത്രത്തിന്റെ അവകാശം സംബന്ധിച്ച തര്‍ക്കം കോടതിയുടെ പരിഗണനയിലാണ്.
Discussion about this post