ന്യൂഡല്‍ഹി: സൈനികര്‍ക്ക് സബ്‌സിഡി നിരക്കില്‍ നല്‍കുന്ന മദ്യത്തിന്റെ വില്പനയില്‍ ക്രമക്കേട് നടക്കുന്നതായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി.) റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കരസേനയുടെ മൂന്നു പ്രധാന കേന്ദ്രങ്ങളിലായി എട്ട് കോടിയോളം രൂപ വിലമതിക്കുന്ന മദ്യം അധികമായി പിന്‍വലിച്ചിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നത്. പൊതുവിപണിയില്‍ 19.45 കോടി രൂപ വിലവരും ഇതിന്.
പുണെ ദെഹു റോഡിലെ മിലിറ്ററി ആസ്ഥാനം ഡല്‍ഹിയിലെ രജ്പുത്താന റൈഫിള്‍സ് റജിമെന്‍റ് സെന്‍റര്‍, ജബല്‍പുര്‍ മിലിട്ടറി ആസ്ഥാനം എന്നിവിടങ്ങളില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ നടന്ന അഴിമതിയാണ് സി.എ.ജി. ചൂണ്ടിക്കാണിക്കുന്നത്.
സൈനികര്‍ക്കുള്ള മദ്യത്തിന് സര്‍ക്കാര്‍ നേരിട്ട് സബ്‌സിഡി നല്‍കാറില്ല. പകരം സൈനിക കേന്ദ്രങ്ങളിലേക്കും മിലിട്ടറി കാന്‍റീനുകളിലേക്കും വാങ്ങിക്കുന്ന മദ്യത്തിന്റെ നികുതികള്‍ ഒഴിവാക്കി നല്‍കുകയാണ് പതിവ്. ഒരു ആര്‍മി യൂണിറ്റിന് ആവശ്യമുള്ളതിലധികം മദ്യം നികുതി ഇളവില്‍ വാങ്ങിയെടുക്കുക വഴി സര്‍ക്കാറിന് നഷ്ടമുണ്ടാക്കിയിരിക്കുന്നുവെന്നാണ് സി.എ.ജി. റിപ്പോര്‍ട്ട് പറയുന്നത്. ഇക്കൂട്ടത്തില്‍ ഏറ്റവും വലിയ അഴിമതി നടന്നിട്ടുള്ളത് രജ്പുത്താന റൈഫിള്‍സ് റെജിമെന്‍റ് സെന്‍ററിലാണ്.
ഇവിടെ ഈ കാലയളവില്‍ 4.79 കോടി രൂപ വിലമതിക്കുന്ന 57,000 പെട്ടി മദ്യം അനുവദിക്കപ്പെട്ട അളവിലധികം വാങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. പൊതുവിപണിയില്‍ 12 കോടി വിലമതിക്കും ഇതിന്. പുണെയിലെ മിലിട്ടറി ആസ്ഥാനത്തേക്ക് ഈ കാലയളവില്‍ 1.79 കോടി വിലമതിക്കുന്ന 26,259 പെട്ടികള്‍ അധികമായി വാങ്ങിയിട്ടുണ്ട്. 2003 മുതല്‍ 2009 വരെയുള്ള കണക്കുകളാണ് സി.എ.ജി. പരിശോധിച്ചത്. യൂണിറ്റ് കാന്‍റീനുകളില്‍ നിന്ന് പൊതുവിപണിയിലേക്ക് മദ്യം അനധികൃതമായി വിറ്റഴിക്കപ്പെടുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടതിന്റെ ഉത്തരവാദിത്വം കാന്‍റീന്‍ സ്റ്റോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്‍റിനാണെന്നാണ് സി.എ.ജി. പറയുന്നത്.
Discussion about this post