തൃശ്ശൂര്‍: സാമ്പത്തിക സംവരണത്തിന് സ്ഥിരം കമ്മീഷനെ നിയമിക്കണമെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിക്കര്‍ പറഞ്ഞു. പാറമേക്കാവ് പുഷ്പാഞ്ജലി ഹാളില്‍ നടന്ന എന്‍.എസ്.എസ്. പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.”സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നോക്ക വിഭാഗങ്ങളിലുള്ളവരുടെ സംവരണത്തില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനം കൈക്കൊള്ളുമെന്നാണ് കരുതുന്നത്. പിന്നാക്കവിഭാഗങ്ങള്‍ ഇന്ന് അനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ അവര്‍ക്കും ലഭിക്കണം. രണ്ട് ലക്ഷത്തില്‍ താഴെ വരുമാനമുള്ള മുന്നോക്ക വിഭാഗത്തിലെ പിന്നാക്കക്കാരുടെ കുട്ടികള്‍ക്ക് 15 ശതമാനം വിദ്യാഭ്യാസ സംവരണം നല്‍കണമെന്നും പണിക്കര്‍ പറഞ്ഞു.
കാലാകാലകങ്ങളില്‍ വരുന്ന സാമ്പത്തികസ്ഥിതികള്‍ പഠനവിധേയമാക്കിയാകണം കമ്മീഷന്‍ പ്രവര്‍ത്തനം നടത്തേണ്ടത് സംവരണകാര്യത്തില്‍ ആവശ്യമെങ്കില്‍ ഭരണഘടനാ ഭേദഗതി വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.എസ്. പിള്ളയ്ക്കും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എം.സി.എസ്. മേനോനും ചടങ്ങില്‍ സ്വീകരണം നല്‍കി. കരയോഗം റജിസ്ട്രാര്‍ പ്രൊഫ. വി.പി. ഹരിദാസ് ചടങ്ങില്‍ അധ്യക്ഷനായി.
Discussion about this post