കൊച്ചി: വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ റെയ്ഡില്‍ കോടിക്കണക്കിനു രൂപയുടെ രക്തചന്ദനം പിടിച്ചെടുത്തു. ചന്ദനമുട്ടികള്‍ കടത്തുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് ഡിആര്‍ഐ പരിശോധന നടത്തിയത്. പുലര്‍ച്ചെ നാലരയോടെയാണ് റെയ്ഡ് തുടങ്ങിയത്. ഇതിനിടെ പ്രത്യേക സാമ്പത്തിക മേഖലയില്‍ പരിശോധന പാടില്ലെന്ന് ചൂണ്ടിക്കാട്ടി സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡിആര്‍ഐ സംഘത്തെ ഒന്നര മണിക്കൂറോളം തടഞ്ഞുവച്ചു. പിന്നീട് പോലീസിന്റെ സഹായത്തോടെയാണ് ഡിആര്‍ഐ പരിശോധന ആരംഭിച്ചത്. രക്തചന്ദനം കടത്തിയ ലോറി പിന്തുടര്‍ന്നാണ് ഡിആര്‍ഐ സംഘം വല്ലാര്‍പാടത്ത് എത്തിയത്. 20 ടണ്‍ ചന്ദനമുട്ടികള്‍ കണ്ടെടുത്തതായാണ് വിവരം. സംഭവത്തില്‍ ലോറി ഡ്രൈവറെയും മറ്റൊരാളെയും അറസ്റ്റു ചെയ്തിട്ടുണ്ട്. ദുബായിലേയ്ക്കു കടത്താനായിരുന്നു ശ്രമമെന്ന് കരുതുന്നു. റബര്‍ മാറ്റ് എന്നാണ് രേഖകളിലുണ്ടായിരുന്നത്. വില്ലിംഗ്ടണ്‍ ഐലന്റിലെ ഏഷ്യന്‍ ടെര്‍മിനലില്‍ നിന്നുമാണ് ചരക്ക് കയറ്റിയതെന്നാണ് സൂചന. ഐജി ടോമിന്‍ തച്ചങ്കരിയുടെ സഹോദരന്റെ സ്ഥാപനമാണ് ഏഷ്യന്‍ ടെര്‍മിനല്‍. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിനു ശേഷമേ ഇക്കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ കഴിയൂവെന്നാണ് പോലീസ് നിലപാട്. ഏഷ്യന്‍ ടെര്‍മിനലില്‍ നിന്നും കയറ്റുമ്പോള്‍ കസ്റ്റംസ് സീല്‍ ചെയ്ത കണ്ടെയ്‌നറില്‍ മറ്റെവിടെയോ വച്ച് രക്ത ചന്ദനം നിറയ്ക്കുകയായിരുന്നുവെന്നു കരുതുന്നു. സീല്‍ ഇളക്കാതെ വാതില്‍ അപ്പാടെ പൊളിച്ചുമാറ്റിയാണ് ചന്ദനം നിറച്ചതെന്നു കരുതപ്പെടുന്നു.
അതേസമയം, വല്ലാര്‍പാടത്ത് ഡിആര്‍ഐയുടെ ഉദ്യോഗസ്ഥര്‍ക്കു നേരിടേണ്ടിവന്ന എതിര്‍പ്പ് സുരക്ഷാ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ പരിശോധനയ്‌ക്കെത്തിയ ഡിആര്‍ഐ സംഘത്തെ പ്രത്യേക സാമ്പത്തിക മേഖലയുടെ സുരക്ഷാ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരും സിഐഎസ്എഫും ഒന്നര മണിക്കൂറോളം തടഞ്ഞുവച്ച സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഇതിനു മുമ്പും വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ പോലീസിന്റെ സഹായമില്ലാതെ മറ്റൊരു ഏജന്‍സികള്‍ക്കും പരിശോധന നടത്താന്‍ കഴിഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച് പോലീസിനു പരാതി നല്‍കിയതായി ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Discussion about this post