ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയെ വധിച്ച കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട മൂന്നുപേര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതി നവംബര്‍ 29 ലേക്ക് മാറ്റി. വധശിക്ഷക്കെതിരെ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഹര്‍ജികള്‍ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് സി നാഗപ്പന്‍, എം സത്യനാരായണന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് കേസ് നവംബര്‍ 29 ലേക്ക് മാറ്റിയത്.
അതിനിടെ വധശിക്ഷ നടപ്പാക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളെ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തു. ദയാഹര്‍ജി പരിഗണിക്കുന്നതിന് വന്ന കാലതാമസം വധശിക്ഷ ഒഴിവാക്കുന്നതിന് മതിയായ കാരണമല്ലെന്നും ഇവര്‍ ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം ഇതുമൂലം കുറയുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യാവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post