ന്യൂഡല്‍ഹി: പെട്രോള്‍ വില വര്‍ധിപ്പിച്ച നടപടി പിന്‍വലിച്ചില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്നും മന്ത്രിമാരെ പിന്‍വലിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മുന്നറിയിപ്പ്. കൊല്‍ക്കത്തയില്‍ അടിയന്തിരമായി വിളിച്ചു ചേര്‍ത്ത തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷമായിരുന്നു മമതയുടെ അന്ത്യശാസനം.
വിദേശ സന്ദര്‍ശനം കഴിഞ്ഞ് പ്രധാനമന്ത്രി തിരിച്ചെത്തിയാലുടന്‍ തൃണമൂല്‍ എം.പിമാര്‍ അദ്ദേഹത്തെ കാണും. തീരുമാനം അറിഞ്ഞ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.
11 മാസത്തിനിടെ 12 തവണ വില കൂട്ടിയത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. ഞങ്ങളെ കാഴ്ചക്കാരാക്കി കേന്ദ്രത്തില്‍ ഭരണം തുടരാമെന്ന് ഇനി വ്യാമോഹിക്കേണ്ട. പല തീരുമാനങ്ങളും കൈക്കൊള്ളുന്നതിന് മുമ്പ് ഘടകകക്ഷികളുമായി കൂടിയാലോചിക്കാറില്ല. യു.പി.എക്കുള്ളില്‍ നിശബ്ദരായിരുന്ന് ഏറെ സഹിച്ചു. ഇനി ഈ നില തുടരാനാകില്ല – അവര്‍ കുറ്റപ്പെടുത്തി.
വില വീണ്ടും വര്‍ധിപ്പിച്ച നടപടിയില്‍ യു.പി.എയിലെ മറ്റ് ഘടകകക്ഷികള്‍ക്കും അതൃപ്തിയുണ്ട്. വില കൂട്ടിയ നടപടിയിലുള്ള പ്രതിഷേധം പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് എന്‍.സി.പി നേതൃത്വം അറിയിച്ചു. നാഷണല്‍ കോണ്‍ഫറന്‍സും പ്രതിഷേധവുമായി പ്രധാനമന്ത്രിയെ കാണാന്‍ ഒരുങ്ങുകയാണ്.
Discussion about this post