മാലെ: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ധാരണ. മാലെദ്വീപില്‍ സാര്‍ക്ക് ഉച്ചകോടിയോട് അനുബന്ധിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഉഭയകക്ഷി ബന്ധം പുന:സ്ഥാപിക്കാനുള്ള തീരുമാനമുണ്ടായത്. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് സ്വീകരിക്കേണ്ട നടപടികളും ചര്‍ച്ചാവിഷയമായി. വിസ ചട്ടങ്ങള്‍ ലഘൂകരിക്കണമെന്ന് ഗിലാനി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഇതുവരെ സ്വീകരിച്ച നടപടികളില്‍ ഇരുവരും സന്തുഷ്ടി പ്രകടിപ്പിച്ചു.
‘ഇന്ത്യ-പാക് ബന്ധത്തില്‍ പുതിയ അധ്യായം തുറക്കാന്‍ സമയമായി. ഗീലാനി സമാധാന വാഹകനാണെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് ഈ വിശ്വാസം ദൃഢമായി. ആരോപണവും പ്രത്യാരോപണവും ഒഴിവാക്കണം. 26/11 ആക്രമണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടു.
ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരാനും ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള എല്ലാ പ്രശ്‌നങ്ങളും ആത്മാര്‍ഥമായി ചര്‍ച്ചചെയ്യപ്പെടുമെന്നും മന്‍മോഹന്‍ സിങ് പ്രത്യാശ പ്രകടിപ്പിച്ചു. രണ്ടു രാജ്യങ്ങള്‍ക്കുമിടയിലെ സമാധാനപ്രക്രിയ ഊര്‍ജിതമാക്കുക എന്നതാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. ദക്ഷിണേഷ്യയിലെ മറ്റ് രാജ്യത്തലവന്‍മാരുമായും മന്‍മോഹന്‍ സിങ് ചര്‍ച്ച നടത്തും.
ഇന്ന് ആരംഭിക്കുന്ന സാര്‍ക്ക് (സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഓഫ് റീജ്യണല്‍ കോ-ഓപ്പറേഷന്‍) ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ബുധനാഴ്ചയാണ് മാലെദ്വീപിലെത്തിയത്. എട്ട് സാര്‍ക്ക് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുക എന്നതാണ് രണ്ടു ദിവസത്തെ ഉച്ചകോടിയുടെ പ്രമേയം. വെള്ളിയാഴ്ച പുറപ്പെടുവിക്കുന്ന സംയുക്ത പ്രഖ്യാപനത്തോടെയാകും പതിനേഴാമത് സാര്‍ക്ക് ഉച്ചകോടി സമാപിക്കുക. കാര്‍ഷികോത്പാദനം മെച്ചപ്പെടുത്തുന്നതിന് വിത്ത് ബാങ്കുണ്ടാക്കുക, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ ദ്രുതകര്‍മ സേനയുണ്ടാക്കുക എന്നീകാര്യങ്ങളാകും സംയുക്തപ്രസ്താവനയുടെ ഉള്ളടക്കം.
ദക്ഷിണേഷ്യന്‍ സ്വതന്ത്ര വ്യാപാരകരാറിന്റെ (സാഫ്ത) കീഴില്‍ വ്യാപാര ഉദാരീകരണ പ്രക്രിയ വേണമെന്ന ആവശ്യവുമായി ഇന്ത്യ മുന്നോട്ടുപോകുമെന്ന് ഉച്ചകോടിക്കു തിരിക്കുംമുമ്പ് മന്‍മോഹന്‍ സിങ് വ്യക്തമാക്കി. ദക്ഷിണേഷ്യയുടെ പ്രാദേശിക സഹകരണത്തിനുള്ള പ്രസ്ഥാനമെന്ന നിലയ്ക്ക് സ്ഥാപിക്കപ്പെട്ട സാര്‍ക്ക് ഈ രംഗത്ത് ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാണിജ്യം, ഗതാഗത- വാര്‍ത്താവിനിമയം, ദാരിദ്ര്യ നിര്‍മാര്‍ജനം, ഭക്ഷ്യസുരക്ഷ, വനിതാ-ശിശുവികസനം, സംഘടിത കുറ്റകൃത്യം, ഭീകരത എന്നിവ തടയല്‍ തുടങ്ങിയ മേഖലകളില്‍ സഹകരണമുണ്ടാക്കാന്‍ സാര്‍ക്കിന് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post