തിരുവനന്തപുരം: കോടതിയലക്ഷ്യ കേസില്‍ ആറുമാസം തടവ് ശിക്ഷ വിധിച്ച ഹൈക്കോടതി വിധിക്കെതിരെ സിപിഎം സംസ്ഥാന സമിതി അംഗം എം.വി.ജയരാജന്‍ സുപ്രീംകോടതിയില്‍ നാളെ അപ്പീല്‍ നല്‍കും. ഹരീഷ് സാല്‍വ, അനില്‍ ധവാന്‍ എന്നീ മുതിര്‍ന്ന അഭിഭാഷകരാണ് അപ്പീല്‍ പരിഗണിക്കുന്നത്. ഇതു സംബന്ധിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സുപ്രീംകോടതി അഭിഭാഷകരുമായി ചര്‍ച്ച നടത്തി. പാതയോരത്തെ പൊതുയോഗം നിരോധിച്ച ഹൈക്കോടതി ജഡ്ജിമാരെ ശുംഭന്‍മാരെന്നു വിളിച്ചതാണ് ജയരാജനെതിരായ കേസ്.
കോടതിയലക്ഷ്യക്കേസില്‍ എം.വി ജയരാജനെ ജയിലില്‍ അടച്ചതിനെ നിയമപരമായി നേരിടുമെന്ന് പറയുമ്പോള്‍ തന്നെ വന്‍ പ്രക്ഷോഭത്തിനാണു സിപിഎം ലക്ഷ്യമിടുന്നത്. ഇതിന്റെ മുന്നോടിയായി ഈ മാസം 14 ന് ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്താന്‍ സിപിഎം തീരുമാനിച്ചിരിക്കുകയാണ്. അപ്പീല്‍ നല്‍കാന്‍പോലും അവസരം നല്‍കാതെ ജയരാജനെ ജയിലിലേക്ക് അയച്ചതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഹൈക്കോടതി ജഡ്ജിമാര്‍ ജയരാജനെ പുഴുവെന്ന് വിശേഷിപ്പിച്ചതും സിപിഎമ്മിനെ പ്രകോപിപ്പിച്ചിരിക്കുകയാണ്.
Discussion about this post