സ്വാമി സത്യാനന്ദ സരസ്വതി
ജ്യേഷ്ഠസഹോദരന്‍
പൂര്‍വ്വജന്‍ അവനതി പുണ്യചരിതന്‍ എന്നുളള ആപ്തവചനം ജ്യേഷ്ഠ സഹോദരനോടു കാണിക്കേണ്ട ബഹുമാനത്തെ സൂചിപ്പിക്കുന്നു.
‘രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജാം’ എന്നീ വരികളിലടങ്ങിയിരിക്കുന്ന ആശയവും ജ്യേഷ്ഠ സഹോദരന്റെ പത്‌നിയോടും സ്വീകരിക്കേണ്ട മനോഭാവത്തെ കാണിക്കുന്നു. രാമായണത്തിലെ അതിപ്രധാനമായ ഈ വരികള്‍ ലക്ഷ്മണനോട് സുമിത്ര പറഞ്ഞതാണ്. അച്ഛന്റെ മരണശേഷം മൂത്തപുത്രനായ രാമനെ സഹോദരനായ ലക്ഷ്മണന്‍ എങ്ങനെ കരുതണമെന്ന് ഇവിടെ നിര്‍ദ്ദേശിച്ചിരിക്കുന്നു. കുടുംബബന്ധത്തില്‍ പിതാവിന്റെ മരണമോ, മാതാവിന്റെ വിയോഗമോ കാരണം ധര്‍മ്മച്യുതി വരാതെ നയിക്കേണ്ട ചുമതല ആചാര്യന്‍ ഏല്‍പ്പിച്ചിരിക്കുന്നത് ജ്യേഷ്ഠ സഹോദരനെയാണ്. നിയന്ത്രണം, സംരക്ഷണം, സാന്ത്വനവാക്ക്, മാതൃതുല്യമായ സ്‌നേഹം ഇവ സഹോദരങ്ങള്‍ക്ക് നല്‍കേണ്ട ചുമതല ജ്യേഷ്ഠന്റേതാണ്. വര്‍ണ്ണാശ്രമ ധര്‍മ്മമനുസരിച്ച് ഗൃഹസ്ഥാശ്രമിയായ ഒരുവന്‍ വാനപ്രസ്ഥാശ്രമത്തിലേയ്ക്കു തിരിയുമ്പോള്‍ മൂത്തപുത്രനെയാണ് ഗൃഹത്തിന്റെ ഭരണച്ചുമതല ഏല്‍പിക്കുന്നത്. സഹോദരങ്ങളെ പിതൃതുല്യമായ സ്‌നേഹത്തോടെ സംരക്ഷിക്കേണ്ട ചുമതല ജ്യേഷ്ഠസഹോദരനുള്ളതാണ്. സമ്പത്തിനേക്കാള്‍ സംസ്‌ക്കാരത്തിന് വിലകല്‍പിക്കുന്ന ത്യാഗമനോഭാവമാണ് ഭാരതീയ കുടുംബത്തിലെ വ്യക്തിബന്ധങ്ങളെ നിയന്ത്രിക്കുന്നത്.
പൂജനീയരായ അമ്മ, അച്ഛന്‍, ആചാര്യന്‍ എന്നിവരുടെ ശിക്ഷണം സിദ്ധിച്ച ഒരുവന്‍ പറയുന്ന പ്രകാരം തന്നെയാണ് ശൈലിനി പറഞ്ഞിട്ടുള്ളത്. അമ്മയില്‍നിന്നും ധാര്‍മ്മികചിന്താ പരിശീലനവും അച്ഛനില്‍ നിന്ന് യോഗ്യമായ എല്ലാ വിദ്യാഭ്യാസവും ലഭിക്കുന്നു. ഗൃഹങ്ങളില്‍ മാതാവില്‍നിന്നും പിതാവില്‍നിന്നും ലഭിക്കുന്ന ശിക്ഷണമാണ് ആചാര്യന് വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാനം. മുകളില്‍ നിന്ന് താഴോട്ടുവളരുന്ന വൃക്ഷം പോലെയാണ് കുടുംബ പാരമ്പര്യം. സംസ്‌കാരം പൂര്‍വ്വബന്ധത്തോടെ വളരുന്നതാണ്. നേരത്തേ ലഭിക്കുന്ന ശിക്ഷണത്തിന്റെ സ്വഭാവമാണ് പിന്നീടുള്ള വളര്‍ച്ചയ്ക്കടിസ്ഥാനം. ജ്ഞാനം നല്‍കുന്ന ആരെയും ഗുരുവായികരുതണം. സത്സംഗം ജ്ഞാന സമ്പാദനത്തിന് അത്യാവശ്യമാണെന്ന് വിധിച്ചിരിക്കുന്നു. ഏകലക്ഷ്യത്തിനുവേണ്ടിയുള്ള വിവിധമാര്‍ഗ്ഗങ്ങള്‍ സത്സംഗം മൂലം ലഭിക്കുന്നു. മനസ്സ് സദാപി ശുദ്ധമാക്കുവാനും ബുദ്ധി നേര്‍വഴികാണിക്കുവാനും സത്സംഗം പ്രയോജനപ്പെടും.
‘സത്സംഗത്വേ നിസ്സംഗത്വം
നിസ്സംഗത്വേ നിര്‍മ്മോഹത്വം
നിര്‍മ്മോഹത്വേ നിശ്ചലതത്ത്വം
നിശ്ചലതത്ത്വേ ജീവന്മുക്തിഃ ‘
എന്ന് ശങ്കരാചാര്യന്‍ അരുളിച്ചെയ്തത് സത്സംഗത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നു. സത്തിനോടുള്ള ബന്ധം സത്തുക്കളില്‍ നിന്നാണ് ലഭിക്കുന്നത്. ബന്ധമോചനത്തിന് കാരണവും അതുതന്നെ. ബന്ധമോചനംകൊണ്ട് മോഹമില്ലാത്ത അവസ്ഥ വരുന്നു. നിര്‍മ്മോഹത്വം (മോഹമില്ലാത്ത അവസ്ഥ) നിര്‍മ്മലമായ ആത്മതത്ത്വത്തെ പ്രകാശിപ്പിക്കുന്നു. നിശ്ചലമായ ആത്മതത്ത്വം മുക്തിക്ക് കാരണമാകുന്നു.
പാണിനി മഹര്‍ഷി സ്ത്രീകള്‍ക്ക് മാതൃത്വംകൊണ്ട് ആചാര്യരൂപത്തിലുള്ള ഗുരുത്വം വിധിച്ചിട്ടുണ്ട്. വിദ്യാദാനം ആചാര്യനും ഗൃഹസ്ഥാശ്രമിയും നല്‍കുന്നു. പരമ്പരാസംരക്ഷണത്തിനു വേണ്ടിയാണിത്. മോക്ഷസമ്പ്രദായത്തില്‍ ഗുരുവിനാണ് മുഖ്യസ്ഥാനം. ഗൃഹസ്ഥനെ കേവലം ഭൗതികനിഷ്ഠനായി തള്ളിക്കളയരുത്. ഗൃഹമാണ് ആദ്യത്തെ ഗുരുകുലം. പഞ്ചഗുരുക്കന്മാരില്‍ നാലുപേരും ഗൃഹസ്ഥന്‍മാരായിട്ടാണ് വിദ്യാദാനം നിര്‍വഹിക്കുന്നത്. ഗൃഹസ്ഥാശ്രമം എന്ന വാക്കിന് സ്വാര്‍ത്ഥമായ ഗൃഹത്തെക്കാള്‍ വ്യാപ്തിയുണ്ട്. ഭാരതത്തില്‍ ഇപ്പോള്‍ ഗൃഹസ്ഥാശ്രമികളാണ് നിര്‍വ്വഹിച്ചിരുന്നത്. ഗൃഹസ്ഥാശ്രമം ഭോഗചിന്ത വളര്‍ത്തുന്ന സങ്കേതമല്ല. യോഗം, ജ്ഞാനം, ഭക്തി, മുക്തി എന്നിവയ്‌ക്കെല്ലാം വിദ്യാരംഭം നടത്തേണ്ടത് ഗൃഹസ്ഥാശ്രമത്തിലാണ്. ആചാരാനുഷ്ഠാനങ്ങള്‍, വസ്ത്രധാരണം, ഭക്ഷണം എന്നിവകളില്ലെല്ലാം ഗൃഹസ്ഥാശ്രമിക്ക് ശുദ്ധിയും നിയന്ത്രണവും പാലിക്കാന്‍ കഴിയണം. അനുഷ്ഠാനങ്ങളിലുള്ള കൃത്യനിഷ്ഠ ഗൃഹസ്ഥാശ്രമത്തിലാണ് ശീലിക്കേണ്ടത്. സന്ന്യാസി അല്ലെങ്കില്‍ പരിവ്രാജക്കള്‍ യോഗപരായണനും ഏകശരീരണനും (ഈശ്വരനെ മാത്രം ശരണം പ്രാപിക്കുന്നവനും) ആകയാല്‍ കര്‍മ്മങ്ങളില്‍ കുറച്ചു മാത്രമേ വ്യാപരിക്കുന്നുള്ളൂ. അതുകൊണ്ട് ഉത്തമനായ ഗൃഹസ്ഥാശ്രമി തന്നെയാണ് വിദ്യാദാനത്തിനര്‍ഹന്‍.
‘ഗൃഹസ്ഥ ഏവസര്‍വേഭ്യോ
ധര്‍മ്മം ബ്രൂയാന്മഹാമതിഃ’ (മനുസ്മൃതി)
മഹാമതിയായ ഗൃഹസ്ഥന്‍ തന്നെയാണ് എല്ലാപേര്‍ക്കും ധര്‍മ്മോപദേശം ചെയ്യേണ്ടത്. ഗുരുകുലപാരമ്പര്യത്തില്‍ അധികവും ഗൃഹസ്ഥാശ്രമികളായിരുന്നു. ഗുരുക്കന്‍മാര്‍ എന്നാല്‍ വര്‍ണ്ണാശ്രമധര്‍മ്മങ്ങളിലൂടെ അവര്‍ സമ്പൂര്‍ണ്ണ വ്യക്തിത്വം ആര്‍ജ്ജിച്ചിരുന്നു. ക്രമാനുസൃതമായ കര്‍മ്മത്തിലൂടെ നിയന്ത്രണം പാലിച്ചാണ് ഇക്കാര്യം നേടിയത്.
വിദ്യ രണ്ടുതരത്തിലുണ്ട്. ധനസമ്പാദനാര്‍ത്ഥമുള്ള വിദ്യ. മോക്ഷസമ്പാദനവിദ്യ. ധനസമ്പാദന വിദ്യയില്‍ ആത്മസ്വാതന്ത്ര്യം കുറയും. സാങ്കേതികത്വം വര്‍ദ്ധിക്കുന്നതനുസരിച്ച് വിഷയാസക്തി കൂടും. സമ്പാദ്യത്തിനുള്ള വികാരം വര്‍ദ്ധിക്കും. കര്‍മ്മങ്ങള്‍ രാജഗുണപ്രധാനമാകും. സമ്പാദ്യപ്രാധാന്യം ത്യാഗത്തെ പുറന്തള്ളും. തന്മൂലം, മനുഷ്യര്‍ അമിതമോഹികളാകും. ഗൃഹത്തിലും സമൂഹത്തിലും വ്യക്തിയിലും സംതൃപ്തിയും പരസ്പരധാരണയും കുറയും. സ്വാര്‍ത്ഥമോഹം വര്‍ദ്ധിക്കും. ക്രമേണ ആത്മശാന്തിയും ലോകശാന്തിയും നശിക്കും.
ത്യാഗശീലത്തിലൂടെ എത്തുന്ന ലക്ഷ്യമാണ് മോക്ഷം. സര്‍വ്വകര്‍മ്മമുക്തിയാണ് അതിന്റെ സ്വഭാവം. അത് സര്‍വ്വതന്ത്ര സ്വതന്ത്രമാണ്. സ്വാര്‍ത്ഥതയും പരദ്രോഹവും അതുമൂലമുണ്ടാകുന്നില്ല. അതിമോഹവും അക്രമവും നശിക്കും. ആത്മനിയന്ത്രണം വര്‍ദ്ധിക്കും. സേവന താല്‍പര്യം വളരും. അശാന്തിയില്ലാതാകും. മറ്റുള്ളവരുടെ സുഖം തന്റെ സുഖമായി കരുതും. അവരവരുടെ സുഖം മറ്റുള്ളവരുടെ സുഖത്തിന് പ്രയോജനപ്പെടും. സുഖത്തിനുവേണ്ടി സമ്പത്തിനെ വിട്ട് ത്യാഗത്തെ ആശ്രയിക്കും. വ്യക്തിയും സമൂഹവും തമ്മിലുള്ള ഭിന്നഭാവം ഇല്ലാതാകും. സമാധാനം പുലരും. മേല്‍പ്പറഞ്ഞ എല്ലാ സത്ഫലങ്ങള്‍ക്കും ഗൃഹസ്ഥാശ്രമത്തിലാണ് തുടക്കം കുറിക്കുന്നത്. ത്യാഗസ്വഭാവമുള്ള വിദ്യാഭ്യാസമാണ് ഗൃഹങ്ങളില്‍ ലഭിക്കേണ്ടത്. മോക്ഷദനായ ആചാര്യന്‍ നല്‍കുന്ന വിദ്യാഭ്യാസം അതോട് ചേര്‍ന്ന് ആരംഭിക്കുന്നതാണ്. മോക്ഷം അഥവാ ആഗ്രഹങ്ങളില്‍ നിന്നുള്ള മുക്തി, ഒറ്റപ്പെട്ട ജീവിതത്തിന്റെ സംഭാവനയല്ല. സമൂഹത്തിലെ ക്രമാനുസൃത വിദ്യാഭ്യാസത്തിന്റെ സംഭാവനയല്ല. സമൂഹത്തിലെ ക്രമാനുസൃത വിദ്യാഭ്യാസത്തില്‍നിന്നാണ് അതുണ്ടാകേണ്ടത്. ഇങ്ങനെ ഗൃഹസ്ഥാശ്രമ ധര്‍മ്മം, ആചാര്യന്റെ വിദ്യാഭ്യാസത്തിന് പ്രയോജനപ്പെടേണ്ടതാണ്. ഇന്നു നാം കാണുന്ന പൊരുത്തക്കേട് ഗൃഹസ്ഥാശ്രമ വിദ്യാഭ്യാസവും ആചാര്യധര്‍മ്മവും നിര്‍വ്വഹിക്കായ്കയാല്‍ ഉണ്ടായതാണ്. സമാനചിന്തയെക്കാള്‍ ഭിന്നചിന്ത കൂടുന്നതും അതു കാരണമാണ്. സ്വഭാവനിയന്ത്രണമില്ലാത്ത വിദ്യാഭ്യാസം വികാരം വര്‍ദ്ധിപ്പിക്കും. വ്യക്തിയും സമൂഹവും പൊരുത്തപ്പെടുന്നതിലും അത് തടസം സൃഷ്ടിക്കും. ഒളിഞ്ഞും തെളിഞ്ഞുമുള്ള ക്രോധവും സമരചിന്തയും വര്‍ദ്ധിക്കും. ആത്മപരിശോധന ഉണ്ടാകുകയില്ല. അതിനാല്‍ സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും രാഷ്ട്രത്തിന്റെ നിലനില്‍പ്പിനും സമാധാനത്തിനും സാംസ്‌ക്കാരിക സാമ്പത്തികപൊരുത്തമുള്ള വിദ്യാഭ്യാസമാണാവശ്യം. ഗൃഹസ്ഥധര്‍മ്മത്തിലൂടെ വേണം ഇത് സമൂഹത്തിന് ലഭിക്കേണ്ടത്. ധര്‍മ്മമാണ് ഗൃഹസ്ഥനും ആചാര്യനും ലക്ഷ്യം.
‘അമാര്‍ഗ്ഗേണ പ്രവൃത്താനാം വ്യാകുലേന്ദ്രിയചേതസാം
നിവര്‍ത്തകം ധര്‍മ്മശാസ്ത്രം വ്യാധീനാമിവ ഭേഷജം’ (ശംഖസ്മൃതി)
രോഗത്തിനൗഷധമെന്നപോലെ കുമാര്‍ഗ്ഗിക്ക് (മര്യാദവിട്ട് ജീവിച്ച് ദുഃഖമനുഭവിക്കുന്നവര്‍ക്ക്) ധര്‍മ്മശാസ്ത്രമാണ് നിവൃത്തിമാര്‍ഗ്ഗം. (അധര്‍മ്മാകുന്ന രോഗം ശമിക്കുന്നതിന് ധര്‍മ്മമാകുന്ന ഔഷധമാണ് ആവശ്യം. )
Discussion about this post