തൃശ്ശൂര്‍: സൗമ്യ കൊലക്കേസില്‍ തമിഴ്‌നാട് കടലൂര്‍, വിരുദാചലം സ്വദേശി ഗോവിന്ദച്ചാമിക്ക് വധശിക്ഷ. തൃശ്ശൂര്‍ അതിവേഗ കോടതി ജഡ്ജി രവീന്ദ്രബാബുവാണ് വിധി പ്രസ്താവിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യമാണിതെന്ന് കോടതി കണ്ടെത്തി. വധശിക്ഷയ്ക്ക് പുറമെ ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പ്രതി ജീവിച്ചിരിക്കുന്നത് സമൂഹത്തിലെ സ്ത്രീകള്‍ക്ക് ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു.
കൊലപാതകം, ബലാത്സംഗം, വനിതാ കമ്പാര്‍ട്ടുമെന്റില്‍ അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ശിക്ഷ. പ്രതി മുമ്പും ശിക്ഷിക്കപ്പെട്ടിരുന്നുവെന്ന് കോടതി കണ്ടെത്തി.
ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും മുന്‍നിര്‍ത്തിയാണ് വിചാരണ നടന്നത്. ഏകപ്രതി മാത്രമുള്ള കേസില്‍ 82 സാക്ഷികളെ പ്രതിഭാഗം വിസ്തരിച്ചു. തെളിവിലേക്കായി 43 കൂട്ടം തൊണ്ടിമുതലുകളും 101 രേഖകളും സമര്‍പ്പിക്കപ്പെട്ടു. 1000 പേജുള്ള കുറ്റപത്രം മൂന്ന് വാള്യങ്ങളായി സിഡിയിലാക്കിയാണ് പോലീസ് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ക്ക് നല്കിയത്. സമാനതകളില്ലാത്ത കുറ്റമാണ് പ്രതി ചെയ്തതെന്നും പരമാവധി ശിക്ഷതന്നെ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. ദൃക്‌സാക്ഷിയില്ലെന്നും മെഡിക്കല്‍ തെളിവുകള്‍ ശക്തമല്ലെന്നും ചൂണ്ടിക്കാട്ടി പ്രതിഭാഗം ഗോവിന്ദച്ചാമിയെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടു.
2011 ഫിബ്രവരി ഒന്നിന് എറണാകുളം ഷൊറണൂര്‍ പാസഞ്ചറിലെ യാത്രക്കാരിയായിരുന്ന മഞ്ഞക്കാട് സ്വദേശിനി സൗമ്യയെ തീവണ്ടിയിലെ വനിതാ കമ്പാര്‍ട്ടുമെന്റില്‍വച്ച് ആക്രമിച്ച് പുറത്തേക്ക് തള്ളിയിട്ട് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി എന്നതാണ് കേസ്.
ഗോവിന്ദച്ചാമിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. ശക്തമായ സുരക്ഷയോടെയാണ് ഗോവിന്ദച്ചാമിയെ കോടതിയ്ക്ക് പുറത്തേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടുപോയ വാഹനത്തിനുനേരെ കല്ലേറും ചെരിപ്പേറുമുണ്ടായി. സൗമ്യയുടെ അമ്മ സുമതി, സഹോദരന്‍, അടുത്ത ബന്ധുക്കള്‍ തുടങ്ങിയവര്‍ പ്രത്യേക കോടതിയില്‍ എത്തിയിരുന്നു.
Discussion about this post