ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ ആറുമാസം തടവ് ശിക്ഷ വിധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സിപിഎം സംസ്ഥാന സമിതി അംഗം എം.വി.ജയരാജന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. രണ്ട് ഭാഗങ്ങളിലായി 400 പേജുള്ള അപ്പീലാണ് നല്‍കിയത്.
മുന്‍വിധിയോടെയാണ് കോടതി വിധി പ്രസ്താവിച്ചതെന്ന് അപ്പീലില്‍ പറയുന്നു. കോടതിയെ മോശമായി ചിത്രീകരിച്ചിട്ടില്ല. ക്രിയാത്മക വിമര്‍ശനം മാത്രമാണ് താന്‍ നടത്തിയത്. തന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രമെടുത്തു വിവാദമാക്കുകായിരുന്നുവെന്നും ജയരാജന്‍ അപ്പീലില്‍ പറയുന്നു.
വിമര്‍ശനാത്മകമായ പ്രസംഗഭാഗം സംപ്രേഷണം ചെയ്ത് വിവാദമാക്കിയ മാധ്യമങ്ങള്‍ക്കെതിരെ നടപടിയുണ്ടായില്ലെന്നു മാത്രമല്ല മാധ്യമങ്ങളെ കോടതി അഭിനന്ദിക്കുകയും ചെയ്തു. ഇതില്‍ വൈരുദ്ധ്യമുണ്ടെന്നും അപ്പീല്‍ ചൂണ്ടിക്കാട്ടി.അതിനാല്‍ പിഴവുകളുള്ള ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ടു.സുപ്രീംകോടതി അഭിഭാഷകനായ പി.വി.ദിനേശ് മുഖേനയാണ് അദ്ദേഹം അപ്പീല്‍ സമര്‍പ്പിച്ചത്.
Discussion about this post