കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ എം.വി ജയരാജനെതിരെയുള്ള വിധിയില്‍ പ്രതിഷേധിച്ച് ഹൈക്കോടതിക്കുമുന്നില്‍ സി.പി.എം നടത്തുന്ന പ്രതിഷേധസമരം തുടങ്ങി. കോടതിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത രീതിയിലാണ് സമരം നടത്തുന്നത്. സമരം കോടതിയുടെ പ്രവര്‍ത്തനത്തെയോ ജനജീവിതത്തെയോ ബാധിക്കാതിരിക്കാന്‍ വന്‍ സുരക്ഷാസംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആയിരത്തിയഞ്ഞൂറോളം പോലീസുകാരെയാണ് നഗരമാകെ വിന്യസിച്ചിട്ടുണ്ട്. 10 എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടുമാരെയും നിയമിച്ചിട്ടുണ്ട്. എറണാകുളം സിറ്റിയിലേയും റൂറലിലേയും പോലീസിന് പുറമേ ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ പോലീസിനേയും ആംഡ് പോലീസ് സേനയേയും ഞായറാഴ്ച രാത്രിയോടെ തന്നെ വിന്യസിച്ചു.
ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ്, മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയ വിഭാഗങ്ങളുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്. സിറ്റിയിലേക്ക് പ്രവേശിക്കുന്നിടം മുതല്‍ പല മേഖലകളായി തിരിച്ചാണ് സുരക്ഷാ ചുമതല പോലീസിന് നല്‍കിയിരിക്കുന്നത്. ഹൈക്കോടതി വളപ്പിന് അകത്തും പുറത്തും മഫ്തിയിലും അല്ലാതെയും പോലീസുകാരെ വിന്യസിക്കും. ഹൈക്കോടതി കവാടങ്ങള്‍, ചുറ്റുമുള്ള റോഡുകള്‍ എന്നിവിടങ്ങളില്‍ ശക്തമായ പോലീസ് സാന്നിധ്യം ഉറപ്പുവരുത്തിയിട്ടുണ്ട്.
Discussion about this post