ബാലസോര്‍ (ഒഡിഷ): ഇന്ത്യയുടെ ആണവായുധ ശക്തിക്ക് കൂടുതല്‍ കരുത്തു പകര്‍ന്ന് അഗ്നി 2 പ്രൈം ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയകരമായി. 2000 കിലോമീറ്റര്‍ ദൂരപരിധിയുള്ള അഗ്നി 2 മിസൈലിന്റെ പരിഷ്‌കൃതരൂപമാണ് 3000 കിലോമീറ്റര്‍ ദൂരപരിധിയുള്ള അഗ്നി 2 പ്രൈം ബാലിസ്റ്റിക്ക് മിസൈല്‍. അഗ്നി 3 മിസൈലിന് 3500 കിലോമീറ്ററാണ് ദൂരപരിധി. അഗ്നി 2, 3 മിസൈലുകളുടെ ഇടയിലുള്ള പ്രഹര ആവശ്യങ്ങള്‍ക്കാണ് അഗ്നി 2 പ്രൈം ഉപകരിക്കുക. അഗ്നി 4 എന്നാകും പുതിയ മിസൈല്‍ അറിയപ്പെടുകയെന്ന് ഒരു ഉന്നത പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഒറീസ തീരത്തെ വീലര്‍ ദ്വീപില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. രാവിലെ ഒന്‍പതുമണിക്കായിരുന്നു തദ്ദേശീയമായി വികസിപ്പിച്ച മിസൈലിന്റെ വിക്ഷേപണം. 2010 ഡിസംബര്‍ പത്തിനായിരുന്നു ഈ മിസൈലിന്റെ ആദ്യ പരീക്ഷണം. സാങ്കേതിക പിഴവുകളെത്തുടര്‍ന്ന് ഈ പരീക്ഷണം പരാജയപ്പെട്ടിരുന്നു.
20 മീറ്റര്‍ നീളമുള്ള മിസൈലിനു 17 ടണ്‍ വരെ ഭാരമുണ്ട്. ഒരു ടണ്‍ ഭാരമുള്ള ആണവായുധങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ മിസൈലിനാകും. രണ്ടു ഘട്ടങ്ങളിലായി ഖരഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതാണ് ഈ മിസൈല്‍. സൂഷ്മത ഉറപ്പുവരുത്താന്‍ അഗ്നിയുടെ മറ്റ് ശ്രേണികളെക്കാള്‍ കൂടുതല്‍ സാങ്കേതിക മികവ് അഗ്നി 2 പ്രൈം ബാലിസ്റ്റിക് മിസൈലിന് നല്‍കിയിട്ടുണ്ടെന്ന് ഡിആര്‍ഡിഒ വൃത്തങ്ങള്‍ വ്യക്തമാക്കി.
Discussion about this post