കോട്ടയം: സംസ്ഥാന പോലീസിനു വിവിധ ക്ഷേമപദ്ധതികള്‍ നടപ്പാക്കിവരികയാണെന്ന് ഡിജിപി ജേക്കബ് പുന്നൂസ്. കോട്ടയത്തു പോലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോകപ്രമേഹ ദിനാചരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡിജിപി ഇന്‍ഷ്വറന്‍സ് പരിരക്ഷ മുതല്‍ സ്‌റ്റേഷനില്‍ ജിംനേഷ്യം വരെ സ്ഥാപിക്കുകയാണ് ലക്ഷ്യം. പോലീസുകാരെ ശാരീരികവും മാനസികവുമായി മെച്ചപ്പെടുത്തുകയാണ് ഈ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍തന്നെ ആദ്യമായി പോലീസുകാര്‍ക്ക് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുന്നത് സംസ്ഥാനത്താവും. ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്കും ലഭിക്കും.
മറ്റൊരുപദ്ധതിയാണു പോലീസ് കാന്റീന്‍. പട്ടാളക്കാര്‍ക്കു ലഭിക്കുന്ന എല്ലാ നികുതിയിളവുകളും കാന്റീനില്‍ നിന്നുവാങ്ങുന്ന സാധനങ്ങള്‍ക്കു ലഭിക്കും. നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ വാഹനങ്ങള്‍ വരെ കാന്റീനിലൂടെ വിപണനം ചെയ്യും. സംസ്ഥാനമാകെ ഇക്കൊല്ലം തന്നെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയിലൂടെ നൂറുകോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമാക്കുന്നത്. 50,000 പേര്‍ക്കു പദ്ധതിയുടെ പ്രയോജനം ലഭിക്കും. അടുത്തമാസം 23നു തിരുവനന്തപുരത്ത് സെന്‍ട്രല്‍ പോലീസ് കാന്റീന്‍ നിലവില്‍ വരും. 36 കോടിരൂപ ചെലവിട്ടു മഞ്ചേശ്വരം മുതല്‍ പാറശാല വരെ നൂറോളം ഡോര്‍മറ്ററികള്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. പോലീസ് ഹൗസിംഗ് കോര്‍പ്പറേഷനാണ് ഇതിന്റെ ചുമതല. സ്റ്റേഷനുകളില്‍ ജിം സ്ഥാപിക്കും. പോലീസുകാരുടെ മാനസികോല്ലാസം ലക്ഷ്യമാക്കി മാസത്തില്‍ രണ്ടുതവണ കുടുംബാംഗങ്ങളുമൊത്തു വിനോദയാത്ര പോകാനും സൗകര്യമൊരുക്കുമെന്നും ഡിജിപി പറഞ്ഞു.
Discussion about this post