ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് കത്തെഴുതി. മുല്ലപ്പെരിയാറില്‍ നിലവിലുള്ള അണക്കെട്ട് ശക്തമാണെന്ന് കത്തില്‍ പറയുന്നു. പുതിയ അണക്കെട്ടിന്റെ ആവശ്യം ഇപ്പോഴില്ല. കേരളം അനാവശ്യമായി പ്രകോപനം സൃഷ്ടിക്കുകയാണ്. പ്രധാനമന്ത്രി അടിയന്തിരമായി ഇടപെടണമെന്നും കേരളത്തെ ഉപദേശിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഇരുസംസ്ഥാനങ്ങളുടെയും അതിര്‍ത്തികളിലൂടെ കടന്നുപോകുന്ന തമിഴ്‌നാടിന്റെ ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകള്‍ക്കുനേരെ നടത്തുന്ന അക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കേരളം അക്രമങ്ങളില്‍നിന്ന് വിട്ടുനില്ക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെടണമെന്നും ജയലളിത ആവശ്യപ്പെട്ടു.
തമിഴ്‌നാട് അങ്ങേയറ്റത്തെ സംയമനമാണ് പാലിക്കുന്നത്. സാധാരണ ജനജീവിതത്തെ ബാധിക്കുന്ന പ്രവൃത്തികളില്‍നിന്ന് കേരളം വിട്ടുനില്ക്കണം. കേരളം തുടരുന്ന അതിക്രമങ്ങളില്‍ ആശങ്കയുണ്ട്. പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുകയേ ഉള്ളൂ. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ കേരളത്തെ പിന്തിരിപ്പിക്കണം. മുല്ലപ്പെരിയാര്‍പ്രശ്‌നം സുപ്രീംകോടതിയുടെ മുമ്പാകെയുള്ള പ്രശ്‌നമാണ്. ഇതിനായി വിദഗ്ധരുടെ കമ്മിറ്റിയുമുണ്ട് -ജയലളിത കത്തില്‍ ചൂണ്ടിക്കാട്ടി.













Discussion about this post