തിരുവനന്തപുരം: ഈ വര്‍ഷത്തെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം കെ.ശശികുമാറിന് നല്‍കും. ഒരു ലക്ഷം രൂപയും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡിസംബര്‍ 19 ന് സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുരസ്‌കാരം സമ്മാനിക്കുമെന്ന് മന്ത്രി കെ.സി.ജോസഫ് അറിയിച്ചു.മാധ്യമ പ്രവര്‍ത്തകന്‍, ഇന്ത്യയിലെ ആദ്യത്തെ റീജണല്‍ സാറ്റലൈറ്റ് ടെലിവിഷന്‍ (ഏഷ്യാനെറ്റ്) സ്ഥാപകന്‍, ചെന്നൈ ഏഷ്യന്‍ കോളജ് ഓഫ് ജേര്‍ണലിസം സ്ഥാപക ചെയര്‍മാന്‍ എന്നീ നിലകളില്‍ അദ്ദേഹം പ്രശസ്തനാണ്. ദൂരദര്‍ശനില്‍ വാര്‍ത്താവതാരകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ മാധ്യമരംഗത്ത് പ്രവര്‍ത്തനം ആരംഭിച്ചു. പി.റ്റി.ഐ ടി.വി.യുടെ ചീഫ് പ്രൊഡ്യൂസറായും പി.റ്റി.ഐയുടെ ജനറല്‍ മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സാമ്പത്തിക, രാഷ്ട്രീയ,സാംസ്‌കാരിക സംബന്ധിയായ നിരവധി പരിപാടികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. മണി മാറ്റേഴ്‌സ്, തന ബന, ജന്‍ മഞ്ച് എന്നീ ടെലിവിഷന്‍ പരിപാടികള്‍ ശ്രദ്ധേയമാണ്.
എന്‍.എസ്.മാധവന്റെ വന്‍മരങ്ങള്‍ വീഴുമ്പോള്‍ എന്ന നോലവിലെ അടിസ്ഥാനമാക്കി, സിഖ് വിരുദ്ധ കലാപത്തെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ച കായാതരണ്‍ എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ സംവിധായകനാണ്. കായാതരണ് 2004 ലെ ജി.അരവിന്ദന്‍ പുരസ്‌കാരം ലഭിച്ചിരുന്നു. പി.രവീന്ദ്രന്റെ ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍ സിനിമയിലൂടെ നല്ല നടന്‍ കൂടിയെന്ന് തെളിയിച്ച ശശികുമാര്‍ 2009ല്‍ ജയരാജ് സംവിധാനം ചെയ്ത ലൌഡ്‌സ്പീക്കര്‍ എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഇന്‍ഫര്‍മേഷന്‍, കമ്യൂണിക്കേഷന്‍ ആന്‍ഡ് ടെക്‌നോളജി എംപവേര്‍ഡ് കമ്മറ്റിയംഗമാണ്.
Discussion about this post