കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രാജിവയ്ക്കില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി പറഞ്ഞു. കൊച്ചിയിലെ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ഇന്നലെ ഒരു സംഭവം ഉണ്ടായി, അത് കഴിഞ്ഞു. ഇന്ന് താന്‍ വീണ്ടും സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായതായും അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാര്‍ കേസില്‍ ചൊവ്വാഴ്ച ഹൈക്കോടതിയില്‍ സാങ്കേതിക വിദഗ്ധരെ ഹാജരാക്കുമെന്നും ഇതിനായി വിദഗ്ധരെ ലഭ്യമാക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകളില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കെ.പി. ദണ്ഡപാണി പറഞ്ഞു. എജി രാജിവക്കണമെന്ന് എം.എം. ഹസനും വി.എം സുധീരനും ടി.എന്‍. പ്രതാപനും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എജിയുടെ നിലപാടിനെ മന്ത്രിമാരായ തിരുവഞ്ചൂരും പി.ജെ. ജോസഫും തള്ളിപ്പറയുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ എജിയെ കണ്ടത്. ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചെങ്കിലും ക്യാമറയില്‍ പകര്‍ത്താന്‍ അദ്ദേഹം അനുവദിച്ചില്ല.
വിഷയത്തില്‍ ഇന്നലെ കെ.പി. ദണ്ഡപാണി ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണമാണ് വിവാദമായത്. മുല്ലപ്പെരിയാര്‍ തകര്‍ന്നാലും കാര്യമായ അപകടമുണ്ടാകില്ലെന്നും ഈ വെള്ളം താങ്ങിനിര്‍ത്താന്‍ ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകള്‍ക്ക് കഴിയുമെന്നുമായിരുന്നു എജിയുടെ വിശദീകരണം. സംഭവത്തില്‍ ഇന്നലെ മുഖ്യമന്ത്രി വിശദീകരണം തേടിയതല്ലാതെ ഏതെങ്കിലും തരത്തിലുള്ള ആശയവിനിമയം ഇക്കാര്യത്തില്‍ നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭരണകക്ഷി നേതാക്കളുടെ പ്രസ്താവനകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോയെന്ന ചോദ്യത്തിന് കോടതിയിലായിരുന്നതിനാല്‍ അറിഞ്ഞിട്ടില്ലെന്നായിരുന്നു എജിയുടെ മറുപടി.
Discussion about this post