ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉദ്യോഗസ്ഥതല ചര്‍ച്ചയ്ക്ക് തയാറാണെന്ന് തമിഴ്‌നാട് അറിയിച്ചു. കേന്ദ്ര ജലവിഭവ വകുപ്പിനെയാണ് തമിഴ്‌നാട് ഇക്കാര്യം അറിയിച്ചത്. ഈ മാസം 15 നോ 16 നോ ചര്‍ച്ചയ്ക്ക് തയാറാണെന്നാണ് തമിഴ്‌നാട് അറിയിച്ചിരിക്കുന്നത്. ഡല്‍ഹിയിലുള്ള സംസ്ഥാന ആഭ്യന്തരവകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ. ജയകുമാറുമായി നടത്തിയ ചര്‍ച്ചയില്‍ കേന്ദ്ര ജലവിഭവ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നെങ്കിലും എത്തില്ലെന്ന് തമിഴ്‌നാട് അറിയിച്ചിരുന്നു. എന്നാല്‍ ചര്‍ച്ച ബഹിഷ്‌കരിച്ചതല്ലെന്നും മറ്റ് അസൗകര്യങ്ങള്‍ ഉള്ളതിനാലാണ് തമിഴ്‌നാട് പങ്കെടുക്കാഞ്ഞതെന്നും കേന്ദ്ര ജലവിഭവ വകുപ്പ് സെക്രട്ടറി അറിയിച്ചു. ഇനിയും ചര്‍ച്ചയ്ക്ക് വഴങ്ങാതിരുന്നാല്‍ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട കേസുകളില്‍ സംസ്ഥാനത്തിന് തിരിച്ചടിയാകുമെന്നും കേരളത്തിന് അത് അനുകൂലഘടകമാകുമെന്നും ഉള്ള വിലയിരുത്തലിലാണ് തമിഴ്‌നാട് നിലപാട് മാറ്റിയതെന്നാണ് സൂചന. പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കരുതോയെന്ന് കേസ് പരിഗണിക്കവേ നേരത്തെ സുപ്രീംകോടതിയും പലപ്രാവശ്യം ആരാഞ്ഞിരുന്നു.
പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം കേന്ദ്ര ജലവിഭവ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ ആണ് ഇരുഭാഗത്തെയും ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരെ ചര്‍ച്ചയ്ക്ക് വിളിച്ചത്. കേന്ദ്രം ഇടപെട്ട് പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തെ തുടര്‍ന്നായിരുന്നു പ്രധാനമന്ത്രിയുടെ നടപടി.
Discussion about this post