പാലക്കാട്: ആഗളി അരസിമുക്കിലെ അഭയകേന്ദ്രത്തില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഇവിടുത്തെ രണ്ടു ബ്രദര്‍മാര്‍ക്കെതിരെ അഗളി പൊലീസ് കേസെടുത്തു. അഭയകേന്ദ്രത്തിലെ കൗണ്‍സിലര്‍മാരും എറണാകുളം സ്വദേശികളുമായ പാട്രിക്, ജോഷി എന്നിവര്‍ക്കെതിരെയാണ് പീഡനത്തിന് കേസെടുത്തത്. വിദ്യാര്‍ഥിനികളുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് കേസ്.
എറണാകുളം ആസ്‌ഥാനമാക്കി പ്രവര്‍ത്തിക്കുന്ന രക്ഷ വില്ലേജ് ട്രസ്‌റ്റിനു കീഴിലാണ് അഗളിയിലെ അസീസി അഭയകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. തെരുവുകളില്‍ കഴിയുന്ന കുട്ടികളെയും കുറ്റവാസനയുളളവരെയും നന്നാക്കിയെടുക്കാനാണ് പ്രവര്‍ത്തനമെന്നു പറയുന്ന ഈ അഭയകേന്ദ്രത്തിന് രജിസ്‌ട്രേഷനില്ലെന്നും ആരോപണമുണ്ട്.മുപ്പത്തിയഞ്ചോളം പേര്‍ അന്തേവാസികളായ അഭയകേന്ദ്രത്തിന് സമീപം വീടുകളോ മറ്റു സ്‌ഥാപനങ്ങളോ ഇല്ല.
എറണാകുളം സ്വദേശിനികളായ പെണ്‍കുട്ടികളെ 26നു ഒലവക്കോട് റയില്‍വേ സ്‌റ്റേഷനിലാണ് കണ്ടെത്തിയത്. അഭയകേന്ദ്രത്തിലെ പീഡനം സഹിക്കാനാവാതെയാണ് നാടുവിട്ടതെന്ന മൊഴിയുടെ അടിസ്‌ഥാനത്തില്‍ ഇവരെ രക്ഷാകര്‍ത്താക്കള്‍ക്കു കൈമാറാനായി അഗളി പൊലീസ് സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു. കടവന്ത്ര, വൈക്കം, ആലുവ എന്നിവിടങ്ങളില്‍ നിന്നുളള അഞ്ചു പെണ്‍കുട്ടികളാണ് ആശ്രമത്തില്‍ നിന്നും ഒളിച്ചോടിയത്.
രാത്രി രണ്ടുമണിയോടെ അഭയകേന്ദ്രം വിട്ടിറങ്ങിയ കുട്ടികള്‍ രാവിലെ കോയമ്പത്തൂരില്‍ എത്തി. കൈവശം ഉണ്ടായിരുന്ന പണം തീര്‍ന്നതോടെ കൂട്ടത്തില്‍ ഒരാളുടെ മോതിരംവിറ്റു. തുടര്‍ന്ന് ഇവര്‍ ഒലവക്കോട് സ്‌റ്റേഷനില്‍ ട്രെയിനിറങ്ങി. ഇതിനിടെ കൂട്ടത്തില്‍ ഒരാള്‍ വീട്ടിലേക്ക് വിളിച്ച് വിവരം അറിയിച്ചു. അഭയകേന്ദ്രം അധികൃതര്‍ അന്വേഷിക്കുന്നതായി വിവരം ലഭിച്ചതോടെ ഇവര്‍ റയില്‍വേ പൊലീസില്‍ അഭയം തേടുകയായിരുന്നു. പെണ്‍കുട്ടികളെ കാണാതായതു സംബന്ധിച്ച് ആശ്രമം അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. അതേസമയം,പെണ്‍കുട്ടികള്‍ ഉന്നയിച്ച ആരോപണം അടിസ്‌ഥാന രഹിതമാണെന്ന് അഭയകേന്ദ്രം മാനേജിങ് ട്രസ്‌റ്റി റെക്‌സ് ഡിക്രൂസ് പറഞ്ഞു.
Discussion about this post