കുമളി: നിരോധനാജ്ഞ ലംഘിച്ചു കുമളി ചെക്ക്‌പോസ്റ്റിലേക്ക് വിവിധ തമിഴ്‌സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനം. കേരളത്തിനെതിരെ പ്രകോപനപരമായ മുദ്രാവാക്യവുമായി സ്ത്രീകള്‍ ഉള്‍പ്പെടെ നാലായിരത്തോളം പേരാണ് ഉച്ച കഴിഞ്ഞ് ചെക്ക്‌പോസ്റ്റിനു നേരെ പ്രകടനവുമായി എത്തിയത്. ചെക്ക്‌പോസ്റ്റിന് 50 മീറ്റര്‍ അകലെ വച്ചു തമിഴ്‌നാട് പൊലീസ് പ്രകടനം തടയുകയായിരുന്നു.
എന്നാല്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഊടുവഴികളിലൂടെയും മറ്റും കുട്ടികളും സ്ത്രീകളും അടക്കമുള്ള നൂറോളം തമിഴ്‌നാട്ടുകാര്‍ കുമളിയില്‍ പ്രവേശിച്ചു. ഇതില്‍ ചിലര്‍ കുമളിയിലെ റോസാപൂക്കണ്ടത്ത് നാട്ടുകാര്‍ക്കു നേരെ കല്ലെറിഞ്ഞത് സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കി. ഇതില്‍ രണ്ടോളം പേരെ പൊലീസ് പിടികൂടി. വനത്തിലൂടെയുള്ള വഴികളിലൂടെ കൂടുതല്‍ തമിഴ്‌നാട്ടുകാര്‍ പട്ടണത്തിലേക്ക് കടക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. സംഘര്‍ഷാവസ്ഥ പരിഗണിച്ച് കൂടുതല്‍ പൊലീസും സ്ഥലത്തെത്തി. തമിഴ്‌നാട് പൊലീസിന്റെ കൂടി ഒത്താശയോടെയാണ് ചിലര്‍ അതിര്‍ത്തി കടന്നെത്തുന്നതെന്നാണ് പരിസരവാസികളുടെ ആരോപണം. പ്രകോപനപരമായ സാഹചര്യമുണ്ടെങ്കിലും പൊലീസ് പട്ടണത്തില്‍ പ്രഖ്യാപിച്ച നടപടികളോട് കേരളത്തിലെ ജനം സഹകരിക്കുന്നുണ്ട്.
ചെക്ക് പോസ്റ്റിനു സമീപ പ്രദേശങ്ങളില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. ആളുകളെ ഒഴിപ്പിച്ചു. കവര്‍ച്ചയ്ക്കും മറ്റുമുള്ള സാധ്യതയുള്ളതിനാല്‍ പട്ടണത്തിലെ മുഴുവന്‍ കടകളും അടപ്പിച്ചു. ദ്രുതകര്‍മസേന കുമളി പട്ടണത്തില്‍ റൂട്ട് മാര്‍ച്ച് നടത്തി. കുമളി ചെക്‌പോസ്റ്റും അടച്ചു. ഇടുക്കി എസ്പി, കട്ടപ്പന ഡിവൈഎസ്പിയുടെയും നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്.
നിരോധനാജ്ഞ നിലനില്‍ക്കുന്ന കമ്പത്തു നിന്നും കുമളിയിലെ കേരള അതിര്‍ത്തിയിലേക്ക് തമിഴ്‌നാട്ടുകാര്‍ നടത്തിയ റാലിയും നേരത്തെ തമിഴ്‌നാട് പൊലീസ് തടഞ്ഞിരുന്നു.
Discussion about this post