സ്വാമി സത്യാനന്ദ സരസ്വതി
കര്‍ത്തവ്യനിര്‍വഹണം
ജന്മനാതന്നെ യോഗലക്ഷണങ്ങളോടുകൂടി ജീവിതം നയിച്ച ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദര്‍ തന്റെ ജന്മത്തില്‍ ഏതാനും വര്‍ഷങ്ങള്‍കൊണ്ടുതന്നെ മഹായോഗിയായി വളരാനിടയായി. പൂര്‍വജന്മങ്ങളില്‍ അദ്ദേഹത്തിന്റെ ജീവാത്മാവുനേടിയെടുത്ത ഉത്തരശരീരങ്ങളിലെ പുരോഗതിയും പൂര്‍ണതയെപ്പറ്റിയുള്ള പ്രജ്ഞാവികാസവും ഈ ജന്മത്തിലെ യോഗപദവിയില്‍ പ്രാധാന്യമര്‍ഹിക്കുന്നു. അല്പംമാത്രം ബാക്കിവന്ന കര്‍മാംശത്തെ നിര്‍വഹിക്കുന്നതിനും സമ്പൂര്‍ണഭോഗപരിത്യാഗവും അധ്യാസനിരാസവും നേടുന്നതിനുവേണ്ടിയും മാത്രമായി ആ മഹാത്മാവ് സ്വീകരിച്ച ജന്മം അനേകം ജീവാത്മക്കളുടെ ഉത്തരലോകഗമനത്തിനും യോഗവിഘ്‌നനിവാരണത്തിനും പ്രയോജനപ്പെട്ടു. കര്‍മങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണിതെന്ന് ഓര്‍മിപ്പിക്കുന്ന ഉദാഹരണങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുക്കാനുണ്ട്. ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ ഇജ്ജന്മത്തില പിതാവ് രോഗമൂര്‍ച്ചയിലാണ്ടു. ഇപ്പോള്‍ ഗുരുനാഥന്റെ സമാധിയും ശ്രീരാമസീതാഹനുമദ്പ്രതിഷ്ഠയും നില്‍ക്കുന്ന ആശ്രമഭൂമിയില്‍ സ്വാമിജി തന്റെ ശ്രീരാമോപാസന തുടര്‍ന്നുകൊണ്ടിരുന്നത്. ഈ ജന്മത്തിലെ ബന്ധുക്കളെന്നവകാശപ്പെടുന്നവരില്‍ അകലെയുമടുത്തുമായി താമസിക്കുന്നവരുണ്ട്. പലരും ഒരു പകലിന്റെ വഴിദൂരത്തായിരുന്നു. ഒരുദിവസം രാത്രി അവര്‍ക്ക് ചില പ്രത്യേകാനുഭവങ്ങളുണ്ടായി. ആശ്രമത്തില്‍ വന്നുചേര്‍ന്ന ബന്ധുക്കളില്‍ നിന്നുതന്നെയാണ് ഇക്കാര്യം പിന്നീട് മനസ്സിലായത്.
സ്വാമിജിയുടെ പിതാവ് ഇഹലോകവാസം വെടിയുന്നതിന് തൊട്ടുമുന്‍പുള്ള രാത്രിയിലായിരുന്നു ഈ സംഭവം. അതുപറഞ്ഞാല്‍ പലര്‍ക്കും സംശയവും അവിശ്വാസവും ഉളവായെന്നുവരും. ഈ പുസ്തകം എഴുതുന്ന സമയത്തും
അനുഭവസ്ഥര്‍ ജീവിച്ചിരിക്കുന്നുണ്ട്. അതിനാല്‍ സംശയും അസ്ഥാനത്താണ്. അത്ഭുതമെന്നു പറയട്ടെ, ദൂരസ്ഥലത്തു താമസിക്കുന്ന ബന്ധുക്കളുടെ വീടുകളില്‍ മുഴുവന്‍ അവരെ ഉറങ്ങാനനുവദിക്കാതെ വാനരന്മാരുടെ ശല്യം അനുഭവപ്പെട്ടു. സ്വപ്നമെന്നു കരുതിഉറങ്ങാന്‍ കിടന്നവര്‍ക്ക് അതേ അനുഭവം തന്നെ വീണ്ടുമുണ്ടായി. ആശ്രമകാര്യമോര്‍മ്മിപ്പിക്കുന്ന ഈ വാനരന്മാരുട കാര്യം ആവര്‍ത്തിച്ചാവര്‍ത്തിച്ച് സംഭവിച്ചു. എല്ലാപേരും എഴുന്നേറ്റു ഉടന്‍തന്നെ ആശ്രമത്തിലെത്തണമെന്ന് തീരുമാനിച്ചു. ആശ്രമത്തിലെന്തോ വിശേഷമുണ്ടെന്നവര്‍ നിശ്ചയിച്ചുറച്ചു. അയല്‍പക്കത്തുള്ളവര്‍ ആശയം കൈമാറി. നേരം പുലര്‍ച്ചയായതോടെ എല്ലാവരും ആശ്രമത്തിലേക്ക് പുറപ്പെട്ടു. ഏതാണ്ട് സായംകാലത്തിനുമുന്‍പ് എല്ലാവരും ആശ്രമത്തിലെത്തി. സ്വാമിജിയില്‍നിന്ന് വിഭൂതിയും വാങ്ങി തൊട്ടടുത്തുള്ള അദ്ദേഹത്തിന്റെ പിതാവിന്റെ സമീപത്തെത്തിച്ചേര്‍ന്നു. രോഗം മൂര്‍ദ്ധന്യാവസ്ഥയിലാണെന്ന് എല്ലാവര്‍ക്കും ബോദ്ധ്യമായി. രാത്രിയുടെ അന്ത്യയാമങ്ങളില്‍ എല്ലാവരും ഉറങ്ങിക്കഴിഞ്ഞിരുന്നു. സ്വാമിജിയുടെ പിതാവ് ശയ്യാവലംബിയായി കിടന്നിരുന്ന മുറിക്കടുത്ത് കേരളത്തിലെ പുരാതനഗൃഹങ്ങളില്‍ സാധാരണ കാണാറുള്ള ഒരു അങ്കണക്കുഴിയുണ്ടായിരുന്നു. ഗുഡാകേശനായ സാധാരണകാണാറുള്ള ഒരു അങ്കണക്കുഴിയുണ്ടായിരുന്നു. ഗുഡാകേശനായ സ്വാമിജി ഉറങ്ങാതെ ആരുടെയോ വരവും കാത്ത് ആശ്രമത്തിലിരുന്നു. എന്നും ആശ്രമത്തിലെത്തി സ്വാമിജിയുടെ സഹവര്‍ത്തിയായി കഴിഞ്ഞിരുന്ന ശ്രീമാന്‍ കുഞ്ഞുകൃഷ്ണപിള്ള അന്ന് ആശ്രമത്തിലുറങ്ങുകയായിരുന്നു. അദ്ദേഹത്തിന് സ്വാമിജി തന്നെ കല്പിച്ചിട്ടുള്ള മറുപേരാണ് ജാംബവാന്‍. അദ്ദേഹത്തെ വിളിച്ചുണര്‍ത്തി മുന്‍പ് വഴിപോക്കരുപയോഗിച്ച ചൂട്ടുകത്തിച്ച് കയ്യില്‍ കൊടുത്ത് സ്വാമിജി ഇങ്ങനെ പറഞ്ഞു. ”ഉടന്‍ പടിപ്പുരവീട്ടിലെത്തണം, ഞങ്ങള്‍ പുറകേയെത്തിക്കോളാം”. ഒരഞ്ചുമിനിറ്റുകൊണ്ട് നടന്നെത്താവുന്ന വഴി ദൂരമേ ആശ്രമവും വീടുമായുള്ളൂ. രാത്രിയായിതിനാല്‍ വളരെ സാവധാനമാണ് ജാംബവാന്‍ നടന്നിരുന്നത്. അദ്ദേഹം സ്ഥലത്തെത്തുന്നതിനുമുന്‍പ് സ്വാമിജി അവിടെ എത്തിക്കഴിഞ്ഞിരുന്നു. ജ്ഞാനസൂര്യന്റെ പ്രകാശമുള്ളപ്പോള്‍ ചൂട്ടിന്റെ ആവശ്യം സ്വാമിജിയ്ക്കുണ്ടായില്ല. പ്രജ്ഞയ്ക്ക് നിയന്ത്രണമില്ലാത്ത അച്ഛന്‍ എങ്ങോട്ടോ നടക്കുന്ന മട്ടില്‍ നേരത്തേ സൂചിപ്പിച്ച അങ്കണക്കുഴിയിലേയ്ക്ക് കാല്‍നീട്ടുന്ന നേരത്താണ് സ്വാമിജിയെത്തിയതും പിടിച്ചതും. അപകടം ഒഴിവാക്കിക്കൊണ്ട് സ്വാമിജിയുടെ കൈകളിലേക്ക് പതിച്ചശരീരം നിശ്ചേഷ്ടമായിക്കഴിഞ്ഞിരുന്നു.
മഹാപുരുഷനായ ഗുരുനാഥന്റെ കയ്യില്‍ കിടന്നു മരിച്ച ആ ഭാഗ്യശാലിയുടെ ശരീരം തറയില്‍ കിടത്തി, മരണാനന്തരം സാധാരണ നടത്താറുള്ളപോലെ ശരീരത്തെ ശുദ്ധജലത്തില്‍ കുളിപ്പിച്ച് അനന്തരമുള്ള പ്രാഥമിക കര്‍മങ്ങള്‍ നടത്തിയിട്ട് ചില സങ്കല്പങ്ങളെല്ലാം ചെയ്തപ്പോഴേക്കും ജാംബവാനെത്തി. ഉറങ്ങിക്കിടന്ന വീട്ടുകാരാരും തന്നെ അപ്പോഴും ഉണര്‍ന്നിരുന്നില്ല. എല്ലാവരേയും ഉണര്‍ത്തുന്നതിന് ജാംബവാനോട് നിര്‍ദേശിച്ചു. ബന്ധുജനങ്ങളുണര്‍ന്നപ്പോള്‍ കണ്ടകാഴ്ച അവരെ സ്തബ്ധരാക്കി. അല്പം കഴിഞ്ഞപ്പോള്‍ സ്വാമിജി പറഞ്ഞകാര്യങ്ങള്‍ ഇന്നും ഓര്‍മിക്കുന്നവരുണ്ട്. ”ഇനി വേണ്ട കാര്യങ്ങളെല്ലാം നിങ്ങള്‍ ചെയ്തുകൊള്ളണം. ഞങ്ങളുടെ ഇവിടെയുള്ള കടമ കഴിഞ്ഞിരിക്കുന്നു. ഇനിയിങ്ങോട്ടില്ല” -ഇത്രയും പറഞ്ഞ് പുറത്തിറങ്ങി കുളികഴിഞ്ഞ് കൃത്യസമയത്ത് ആശ്രമത്തിലെത്തിയ സ്വാമിജി തന്റെ നിത്യോപാസനയില്‍ നിമഗ്നനായി. അതിനുമുന്‍പ് രാമായണത്തില്‍ ദശരഥന്റെ സ്വര്‍ഗാരോഹണഭാഗം വായിക്കുവാനുള്ള ഏര്‍പ്പാടും ചെയ്തിരുന്നു. അതിനുശേഷം സ്വാമിജി ഒരിക്കലും വീട്ടില്‍ പ്രവേശിച്ചിട്ടേയില്ല. ബാക്കി കാര്യങ്ങളെല്ലാം സാമൂഹിക നീതിയനുസരിച്ച് നിര്‍വഹിക്കപ്പെട്ടു. സ്വാമിജി അതിലൊന്നും പങ്കുചേരുവാന്‍ എത്തിയിരുന്നില്ല. നിത്യാരാധന കഴിഞ്ഞ് ആശ്രമത്തില്‍ തന്നെ കഴിഞ്ഞുകൂടിയ ഗുരുപാദരെ ദര്‍ശിക്കുന്നതിനെത്തിയ ഭക്തജനങ്ങള്‍ക്കു ഉപദേശങ്ങള്‍ കൊടുത്തും മറ്റും ആ ദിവസം കഴിഞ്ഞു. താഴെ സംസ്‌കാരാദികര്‍മങ്ങള്‍ നടക്കുമ്പോള്‍ സ്വാമിജി ആശ്രമത്തിലുണ്ട്. അച്ഛന്‍ മരിച്ചതുകൊണ്ടുള്ള സങ്കടമോ വികാരാവേശമോ സ്വാമിജിയെ ബാധിച്ചിരുന്നില്ല. ജീവിതത്തിന്റെ ചംക്രമണസ്വഭാവത്തില്‍ ജീവാത്മാക്കള്‍ക്ക് ജന്മമരണങ്ങള്‍ സംഭവിക്കുന്നതെങ്ങിനെയെന്ന് പൂര്‍ണജ്ഞാനമുള്ള സ്വാമിജിക്ക് ഉദ്വേഗവിപര്യയങ്ങളില്ലല്ലോ.
Discussion about this post