തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മ്മിക്കാന്‍ കേന്ദ്രത്തില്‍ നിന്ന് അനുമതി നേടിയെടുക്കാന്‍ സംസ്ഥാനം നടപടി തുടങ്ങി. പുതിയ അണക്കെട്ടിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ നല്‍കുമ്പോള്‍ എന്തെല്ലാം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണമെന്ന വിവരങ്ങള്‍ ശേഖരിക്കാന്‍ മുല്ലപ്പെരിയാര്‍ സെല്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ടോമി ജോര്‍ജിനെ ചുമതലപ്പെടുത്തി. ഇറിഗേഷന്‍ ചീഫ് എന്‍ജിനിയര്‍ പി. ലതികയുടെ നേതൃത്വത്തിലുള്ള സംഘം വിശദവിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിനു കൈമാറും.
നിലവിലെ അണക്കെട്ടിന് 1300 അടി താഴെയാണു പുതിയ ഡാം ഉദ്ദേശിക്കുന്നത്. പുതിയ ഡാം പണിയുമ്പോള്‍ 50 ഹെക്ടര്‍ വനഭൂമി വെള്ളത്തിനടിയിലാകും. പെരിയാര്‍ കടുവ സങ്കേതത്തില്‍പ്പെട്ട ഈ ഭൂമിക്കു പകരം വനവല്‍ക്കരണത്തിനായി മറ്റെവിടെയെങ്കിലും സര്‍ക്കാര്‍ ഭൂമി നില്‍കേണ്ടി വരും. ഇതിന്റെ വിശദാംശങ്ങള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതുണ്ട്. ഇതിനു പുറമെ പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടും ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ടും സമര്‍പ്പിക്കണം.
കേരള വന ഗവേഷണ കേന്ദ്രം (കെഎഫ്ആര്‍ഐ) നടത്തിയ പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സംസ്ഥാനത്തിന്റെ കൈവശമുള്ളത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അക്രഡിറ്റേഷനുള്ള ഏജന്‍സിയുടെ റിപ്പോര്‍ട്ട് മാത്രമേ കേന്ദ്രം സ്വീകരിക്കൂ. അതിനാല്‍ പുതിയ ഏജന്‍സിയെ വച്ച് പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് തയാറാക്കേണ്ടതുണ്ട്. ഹൈദരാബാദ് ആസ്ഥാനമായ ഒരു ഏജന്‍സി പഠനം നടത്താന്‍ തയാറായി മുന്നോട്ടു വന്നിട്ടുണ്ട്. കേന്ദ്രത്തിന് അപേക്ഷ നല്‍കി അനുവാദം നേടിയെടുക്കുന്നതു വരെയുള്ള ജോലികള്‍ കൂടി ഈ ഏജന്‍സിയെ ഏല്‍പ്പിക്കാനാണ് ആലോചന.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അക്രഡിറ്റേഷനുള്ള 11 ഏജന്‍സികളാണുള്ളത്. ഇവരുമായെല്ലാം ഉദ്യോഗസ്ഥര്‍ ഇ മെയില്‍ വഴി ബന്ധപ്പെട്ടിരുന്നു. ഒരു ഏജന്‍സി മാത്രമാണ് തയാറായി മുന്നോട്ടു വന്നത്. ഇവരെ ചുമതലപ്പെടുത്തണോ എന്ന കാര്യം സര്‍ക്കാര്‍ തലത്തില്‍ തീരുമാനിക്കും. ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മന്ത്രി പി.ജെ. ജോസഫിന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു.
Discussion about this post